തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹികക്ഷേമ-ക്ഷേമനിധി പെന്ഷന് വിതരണം ഇന്നു മുതല്‍. 45 ലക്ഷത്തോളം വരുന്ന ജനങ്ങളാണ് ഇത്തവണ പെന്ഷന് വാങ്ങുക. ക്രിസ്തുമസ് കണക്കിലെടുത്താണ് പെന്ഷന് വിതരണം നേരത്തേയാക്കിയത്.
ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള പെന്ഷന് വിതരണം ആരംഭിച്ചു കഴിഞ്ഞു. 23 ലക്ഷത്തോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലും 20 ലക്ഷം പേര്‍ക്ക് വീടുകളിലേക്കുമാണ് തുക എത്തുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
പുതിയതായി ചേര്‍ത്ത മൂന്നേകാല്‍ ലക്ഷം പേര്‍ക്കും ഇക്കുറി പെന്ഷന് ലഭിക്കും. പിണറായി സര്‍ക്കാരിന്റെ കാലത്ത് പുതുതായി പെന്ഷന് അര്‍ഹരായവരുടെ എണ്ണം പത്തുലക്ഷം കവിയുകയാണ്. സാമൂഹ്യക്ഷേമ പെന്‍ഷന്‍കാരില്‍ രണ്ടര ലക്ഷവും ക്ഷേമപെന്‍ഷന്‍കാരില്‍ എഴുപത്തയ്യായിരവുമാണ് ഇത്തവണ വര്‍ധനവുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹിക സുരക്ഷാ പെന്ഷന് ഇനത്തില്‍ 1893 കോടിയും ക്ഷേമബോര്ഡുകള്ക്കുള്ള 253 കോടിയും അടക്കം 2146 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പെന്ഷന് ബാങ്ക് അക്കൗണ്ടില്‍ ആവശ്യപ്പെട്ടവര്‍ക്ക് തുക ഇന്നു മുതല്‍ അക്കൗണ്ടിലും ലഭിക്കും. മറ്റുള്ളവര്‍ക്ക് സഹകരണബാങ്കുകള്‍ വഴിയുള്ള വിതരണം പൂര്‍ത്തിയായി വരികയാണ്.