കൊച്ചി: കാര്‍ഡിന്റെ കനം, മുദ്രണം, തിരിച്ചറിയല്‍ അടയാളങ്ങള്‍ ഇവ പരിശോധിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ലാമിനേറ്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ചട്ടം അനുവദിക്കുന്നില്ലെങ്കില്‍ ലാമിനേറ്റ് ചെയ്ത കാര്‍ഡ് ഉപയോഗിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പോലീസ് സഹകരണ സംഘം അംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച അപ്പീല്‍ പരിഗണിച്ചാണ് കോടതി നിര്‍ദേശം.
രജിസ്റ്ററിലെ ഒപ്പുമായി താരതമ്യം ബുദ്ധിമുട്ടായതു കാര്‍ഡിന്റെ നിയമ സാധുത ഇല്ലാതാക്കുമെന്നും ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് ആര് നാരായണ പിഷാരടി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബഞ്ച് വ്യക്തമാക്കി. ലാമിനേഷന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒട്ടിച്ചേരുന്നത് കാര്‍ഡിന്റെ ആധികാരികത നഷ്ടപ്പെടുത്തുമെന്നു കോടതി വ്യക്തമാക്കി.
പോലീസ് സഹകരണ സംഘം അംഗങ്ങള്‍ക്കു നല്കിയ ബാര്‍കോഡ് സഹിതമുള്ള ലാമിനേറ്റഡ് തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കി പുതിയ കാര്‍ഡ് നല്‍കണമെന്ന ഉത്തരവ് ജഡ്ജി ശരിവച്ചതിനെതിരെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതി നടപടി. ചട്ടപ്രകാരം പുതിയ കാര്‍ഡ് ഇറക്കാന്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിറക്കിയതില്‍ തെറ്റില്ലെന്നു കോടതി വ്യക്തമാക്കി.
അല്ലാത്തപക്ഷം തെരഞ്ഞെടുപ്പു തന്നെ ചോദ്യം ചെയ്യപ്പെടാന്‍ കാരണമാകും. ബാര്‍കോഡ് ഉള്‍പ്പെടുത്തി ലാമിനേറ്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ് ചട്ടത്തില്‍ അനുവദിക്കുന്നില്ലെന്നും മതിയായ ബാര്‍കോഡ് സ്കാനറുകളും സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരുമില്ലെങ്കില് ബാര്‍ കോഡിന് ഉപയോഗമില്ലെന്നും കോടതി വ്യക്തമാക്കി.