കൊച്ചി: സ്പെഷ്യല്‍ ട്രെയിനില്ലാത്തതിനാല്‍ ക്രിസ്തുമസിന് നാട്ടിലെത്താന്‍ കഴിയാതെ മറുനാടന്‍ മലയാളികള്‍ പ്രതിസന്ധിയില്‍. സാധാരണ ഓണം, ക്രിസ്തുമസ് പോലുള്ള ആഘോഷ വേളകളില്‍ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാറുണ്ടായിരുന്നു.
എന്നാല്‍ അടുത്തകാലത്തായി സ്പെഷ്യല്‍ ട്രെയിനിന് പകരം സുവിധാ ട്രെയിനുകളാണ് അനുവദിച്ച് വരുന്നത്. തിരക്കിനനുസരിച്ച് ഈ ട്രെയിനില്‍ ടിക്കറ്റ് നിരക്ക് കൂട്ടും. ചില ഘട്ടങ്ങളില്‍ ഇത് വിമാന നിരക്കിനേക്കാള്‍ കൂടുതലായിരിക്കും.
സ്പെഷ്യല്‍ ട്രെയിനുകള്‍ ഇല്ലാതായതോടെ മുംബൈ, ഡല്‍ഹി, ബംഗളൂരു, ചെന്നൈ ഭാഗത്തുനിന്ന് നാട്ടിലേക്ക് വരാന്‍ ജനങ്ങള്‍ ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളിലെല്ലാം ആഴ്ചകള്‍ക്ക് മുമ്പേ ടിക്കറ്റ് റിസര്‍വേഷന്‍ പൂര്‍ത്തിയായിരിക്കുകയാണ്.