തിരുവനന്തപുരം: 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നു.കോഴിക്കോട്, കൊച്ചി,തിരുവനന്തപുരം എന്നീ നഗരങ്ങളിലാണ് വര്‍ഷങ്ങളോളം പഴക്കം ചെന്ന ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നത്. പകരം വൈദ്യുതവാഹനങ്ങള് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
അന്തരീക്ഷമലിനീകരണം കൂടുന്നത് ഒഴിവാക്കാനാണ് നടപടി. 2020 മാര്‍ച്ചിനകം ഇവ വൈദ്യുതിയിലേക്കോ സിഎന്‍ജിയിലേക്കോ മാറണമെന്നാണ് നിര്‍ദേശം. സിറ്റി പെര്‍മിറ്റ് നിലനിര്‍ത്തണമെങ്കില്‍ ഉടമകള്‍ പുതിയ ഇറിക്ഷകള്‍ വാങ്ങുകയോ സിഎന്‍ജിയിലേക്ക് മാറുകയോ വേണം. പത്ത് ഇഓട്ടോറിക്ഷാ നിര്‍മ്മാതാക്കളുടെ മോഡലുകള്‍ക്ക് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സിന്റെ ഇറിക്ഷ ഉടന്‍ വിപണയിലെത്തും. വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 30,000 രൂപ സബ്സിഡിക്കു പുറമേ നികുതി ഇളവും പരിഗണനയിലുണ്ട്. വൈദ്യുത വാഹനനയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്ത് 70,689ഉം എറണാകുളത്ത് 58,271ഉം കോഴിക്കോട്ട് 51,449ഉം ഓട്ടോറിക്ഷകളാണുള്ളത്. ഇതില്‍ പകുതിയിലധികം ഡീസലില്‍ ഓടുന്നവയാണ്.
പ്രധാനനഗരങ്ങളിലെ അന്തരീക്ഷ മലിനീകരണ തോതുകുറയ്ക്കാന്‍ പാരമ്പരാഗത ഊര്‍ജം ഇന്ധനമാക്കിയ പൊതുവാഹനങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ കഴിയുമെന്ന് വൈദ്യുതി വാഹനനയത്തില്‍ പറയുന്നു. ആറുവര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ പൂര്‍ണമായി വൈദ്യുതിയിലേക്കു മാറ്റും.