ആലപ്പുഴ: പ്രവര്‍ത്തിക്കാതെ കിടന്ന ചകിരിമില്ലിന് തീപിടിച്ച് കത്തി നശിച്ചു. ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തികാതെ അടച്ചുകിടക്കുകയായിരുന്ന മില്ലില്‍ നിന്നും കഴിഞ്ഞ ദിവസം പുലര്‍ച്ചെ തീയും പുകയും ഉയരുകയായിരുന്നു. സംഭവം കണ്ട സമീപവാസികള്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. ആറാട്ടുപുഴ പരപ്പുങ്കല് പുതുവല്‍ ഷാജഹാന്റെ ഉടമസ്ഥതയിലുളള മില്ലാണ് കത്തി നശിച്ചത്.
ഓടിക്കൂടിയ നാട്ടുകാര്‍ തൊട്ടടുത്തുളള തോട്ടില്‍ നിന്ന് വെള്ളം കോരി ഒഴിച്ച് തീ അണച്ചു. ഷീറ്റുകള്‍ മേഞ്ഞ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തിനശിച്ചു. മെഷിനുകളും മോട്ടറുകളും ഉള്‍പ്പെടെ മില്ലിലെ ഉപകരണങ്ങള്‍ക്ക് നാശമുണ്ടായി. ഉള്ളില്‍ സൂക്ഷിച്ചിരുന്ന തടി ഉരുപ്പടികള്‍ ഉള്‍പ്പെടെ കത്തി രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം.