ഇത് അവിയലോ അതോ സാലഡോ? കേരള ടൂറിസത്തിന്റെ ട്വിറ്റര്‍ പേജിലാണ് ആളുകള്‍ ഈ ചോദ്യമുയര്‍ത്തിയിരിക്കുന്നത്. കേരള ടൂറിസം പങ്കുവച്ച അവിയലിന്റെ ചിത്രമാണ് ചോദ്യത്തിന് അവസരമൊരുക്കിയത്. ചിത്രം ഇപ്പോള്‍ വ്യാപകമായി ട്രോളുകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒരു നാടന്‍ വിഭവം എന്ന് പറഞ്ഞാണ് അവിയലിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തില്‍ പച്ചക്കറികള്‍ വേവിക്കാത്ത രീതിയില്‍ കാണപ്പെട്ടതാണ് ട്രോളുകള്‍ വഴിവച്ചത്. ട്വീറ്റിന് ലഭിച്ച കമന്റുകളില്‍ തൊണ്ണൂറ് ശതമാനവും അവിയല്‍ തന്നെയാണോ ഇതെന്ന കാര്യം ചൂണ്ടികാട്ടിയുള്ളതാണ്. ഈ അവിയല്‍ ഉണ്ടാക്കിയെന്ന് കാണിച്ച് ഏത് കുടുംബ കോടതിയില്‍ പോയാലും വിവാഹമോചനം ലഭിക്കുമെന്നായിരുന്നു എഴുത്തുകാരന് എന്‍എസ് മാധവന്റെ പ്രതികരണം.
അവിയല്‍ എന്ന് എഴുതി വച്ചത് ഏറെ നന്നായി അല്ലായിരുന്നെങ്കില്‍ മനസിലാകില്ലായിരുന്നു എന്ന രീതിയിലുള്ള കമന്റുകളും നിരവധിയാണ്. എന്തായാലും ചിത്രം വൈറലായതോടെ അവിയലിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും കൊണ്ടുള്ള വിരുന്ന് തന്നെയാണ് ഇപ്പോള്‍ കേരള ടൂറിസം പേജില്‍.