കോട്ടയം: മണ്ഡലകാല തിരക്കിനിടെ തീര്‍ത്ഥാടകരെ വലച്ച് വീണ്ടും റെയില്‍വെ. ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് യാത്രക്കാരെ വന്‍ ദുരിതത്തിലാക്കി. ചങ്ങനാശേരി- ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം റൂട്ടില്‍ ബുധനാഴ്ച മുതല്‍ 23 വരെയാണ് ഗതാഗത നിയന്ത്രണം. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന തീര്‍ഥാടകര്‍ കോട്ടയം, ചെങ്ങന്നൂര്‍ ഇടത്താവളങ്ങളിലെത്തിയാണ് ശബരിമലയ്ക്കു പോകുന്നത്. ഗതാഗതത്തിന് നിയന്ത്രണം വന്നതോടെ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ദുരിതത്തിലായി.
ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെയാണ് നിയന്ത്രണമെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. തിരികെയാത്രയ്ക്കുള്ള ടിക്കറ്റ് റിസര്‍വ് ചെയ്ത് എത്തിയവരാണ് കൂടുതലും ദുരിതത്തിലായത്. സമയം കഴിഞ്ഞിട്ടും ട്രെയിന്‍ എത്താതായതോടെ മണിക്കൂറുകളോളം പ്ലാറ്റ്ഫോമിലും വിശ്രമ മുറികളിലും ചെലവഴിക്കേണ്ടിവന്നു. ഈ സമയം കൂടുതല്‍ തീര്‍ത്ഥാടകര്‍ മടക്കയാത്രയ്ക്കായി എത്തിയതോടെ വന്‍തിരക്കായി. പിന്നീട് അധികൃതരോട് വിവരം തിരക്കിയപ്പോഴാണ് ഗതാഗത നിയന്ത്രണ വിവരം ഇവര്‍ അറിയുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ശബരിമല യാത്രയ്ക്കെത്തിയവരും തീര്‍ത്ഥാടനം കഴിഞ്ഞ് പമ്പയില്‍നിന്ന് ബസില്‍ മടങ്ങിയെത്തിയവരും കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ കുടുങ്ങി. ചില ട്രെയിനുകള്‍ കായംകുളം, എറണാകുളം സ്റ്റേഷനുകളില്‍നിന്ന് ആലപ്പുഴ വഴി തിരിച്ചുവിട്ടപ്പോള്‍ ഗുരുവായൂര്‍-പുനലൂര്‍ ട്രെയിന്‍ കോട്ടയത്ത് സര്‍വീസ് അവസാനിപ്പിച്ചു. പാതിവഴിയില്‍ ഇറങ്ങേണ്ടിവന്ന തീര്‍ത്ഥാടകര്‍ക്ക് ഒടുവില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ആശ്വാസമേകി.