തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1എന്‍1 പടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. പനിക്കൊപ്പം വരുന്ന ശ്വാസതടസം നിസാരമായി കാണരുതെന്നാണ് ആരോഗ്യ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്. എച്ച്1എന്‍1, ന്യുമോണിയ, കാലാവസ്ഥാ വ്യതിയാനം എന്നീ കാരണങ്ങളാല്‍ പനിയുമായി എത്തുന്നവരില്‍ ശ്വാസതടസം കാണുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
പനിക്കൊപ്പം ശ്വാസതടസവുമായി ചികിത്സ തേടി എത്തുന്നവരുടെ എണ്ണം കൂടുന്നതായാണ് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് പലവട്ടം ജാഗ്രതാ നിര്‍ദേശം നല്‍കിയെങ്കിലും ഓഗസ്റ്റ് മുതല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ എച്ച്1എന്‍1 ഡിസംബര്‍ ആയിട്ടും കുറവൊന്നുമില്ല.
സര്‍ക്കാര്‍ എച്ച്1എന്‍1നുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. 80,311 പേരാണ് ഡിസംബര്‍ രണ്ടാം ആഴ്ച ആയപ്പോഴേക്കും പനി ബാധിച്ച് ചികിത്സ തേടിയത്. രണ്ട് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 94 പേര്‍ക്കാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്. ഡിസംബറില്‍ മാത്രം ആറ് പേര്‍ക്കാണ് എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്തത്.