തിരുവനന്തപുരം: കായികതാരങ്ങള്‍ക്ക് പിഎസ്സി ഒരുശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ഇപി ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ വിശദാംശം തയ്യാറാക്കിവരികയാണ്. ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ 83 പേര്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നല്‍കിയില്ല. ഇക്കാര്യം പരിശോധിച്ച് വരികയാണ്. സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ക്ക് 70 വയസെന്ന പ്രായപരിധിയും 10 വര്‍ഷം മാത്രമേ ഭാരവാഹിയായിരിക്കാനാകൂവെന്ന കാലാവധിയും ഉള്‍പ്പടെയുള്ള ഭേദഗതി ബില്‍ നിയമസഭ പാസാക്കി.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫെബ്രുവരി ഒമ്പതിന് നടക്കും. ജില്ലകളില്‍ ജനുവരി 11നാണ്. കായിക നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് . ഇതോടെ നിലവിലെ നാമനിര്‍ദേശ സംവിധാനം ഇല്ലാതാകും. 2024 ഒളിമ്പിക്സില്‍ മെഡല്‍ ലക്ഷ്യം വച്ച് 11 കായിക ഇനങ്ങളില്‍ പ്രത്യേക ശ്രമം നടത്തുന്നുണ്ട്. ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ 14 താരങ്ങള്‍ക്കും സന്തോഷ് ട്രോഫി ടീമംഗങ്ങള്‍ക്കും ജക്കാര്‍ത്ത ഗെയിംസില്‍ മെഡല്‍ നേടിയവര്‍ക്കും പാരിതോഷികം നല്‍കും.
2010 മുതല്‍ 2014 വരെയുള്ള സ്പോര്‍ട്സ് ക്വാട്ട നിയമനങ്ങള്‍ക്കായി സ്പെഷ്യല്‍ സെല്‍ രൂപീകരിച്ച് 249 താരങ്ങള്‍ക്ക് ജോലിനല്‍കാന്‍ നടപടിയെടുത്തു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ കായികടീമുകള്‍ രൂപീകരിക്കും. ഫുട്ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കാന്‍ 15 വിദ്യാലയങ്ങളില്‍ കിക്ക്ഓഫ് പദ്ധതി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.