അബുദാബി: കണ്ണൂരില്‍ നിന്നുള്ള വിമാനയാത്രയെ ആഘോഷയാത്രയാക്കി മാറ്റി ആദ്യയാത്രക്കാര്‍. ഉദ്ഘാടനശേഷം കണ്ണൂരില്‍ നിന്ന് പറന്ന ആദ്യ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ അബുദാബിയിലേക്കുള്ള യാത്രക്കാരാണ് ആകാശത്ത് ഒപ്പനപ്പാട്ടിന്റെ ഈരടികള്‍ക്കൊപ്പം ഉത്സവാന്തരീക്ഷം തീര്‍ത്തത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറും ഇന്ത്യന്‍ ഇസ്ലാമിക് സെന്ററും ചേര്‍ന്ന് അബുദാബിയില്‍ ഇറങ്ങിയ യാത്രക്കാര്‍ക്ക് സ്വീകരണവുമൊരുക്കിയിരുന്നു.
ഫ്ലാഗ്ഓഫ് ചെയ്യുമ്പോഴും വിമാനം റണ്‍വേയില്‍ നിന്നു പറന്നുപൊങ്ങിയപ്പോഴും വന്‍ ആര്‍പ്പുവിളിയോടെയായിരുന്നു ജനങ്ങളുടെ ആഹ്ലാദ പ്രകടനം. ഫോട്ടോയെടുത്തും പാട്ടുപാടിയും ചെറുതായി ചുവടുവെച്ചും ആദ്യയാത്രയുടെ ആഹ്ലാദം പങ്കിടാന്‍ പ്രായഭേദമന്യേ യാത്രക്കാര്‍ മത്സരിച്ചു. അവധി നീട്ടിയെടുത്തും അവധി വെട്ടിക്കുറച്ചും ടിക്കറ്റെടുത്തവര്‍ക്കെല്ലാം ചരിത്രയാത്രയുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദമായിരുന്നു. ഇത്തരമൊരു വിമാനയാത്ര ജീവിതത്തില്‍ ആദ്യമെന്നായിരുന്നു യാത്രക്കാരുടെ പ്രതികരണം.