തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകാന്‍ ഒരുങ്ങി കേരളം. പൗരത്വം, ജീവിതശൈലി, വാണിജ്യം എന്നിങ്ങനെ മൂന്നുമേഖലയായാണ് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം യാഥാര്‍ത്ഥ്യമാക്കുക. ഐടി വകുപ്പും സംസ്ഥാനത്തെ ഐടി പാര്‍ക്കുകളും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൗരന് എല്ലാ ജീവിതാവശ്യങ്ങള്‍ക്കും വിവരസാങ്കേതികവിദ്യ പ്രയോഗിക്കുമ്പോഴാണ് സമൂഹം സമ്പൂര്‍ണ ഡിജിറ്റലായതായി കണക്കാക്കുന്നത്.
ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ പൗരത്വമാണ് ആദ്യം നടപ്പാക്കുക. സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ക്കാര്‍ സേവനങ്ങള്‍, ഫീസ് ഒടുക്കല്‍, ഭൂരേഖകള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം ഡിജിറ്റലാക്കുന്നതാണ് ഡിജിറ്റല്‍ പൗരത്വം. അപേക്ഷകളെല്ലാം ഓണ്‍ലൈനാവുകയാണ്. റേഷന്‍കാര്‍ഡ്, ആധാര്‍ തുടങ്ങിയ തിരിച്ചറിയല്‍ രേഖകളും ഓണ്‍ലൈനായതോടെ ‘ഡിജിറ്റല്‍ പൗരത്വം’ ലക്ഷ്യം ഏകദേശം കൈവരിക്കും.ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായ കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാക്കുക എന്നത് ഐടി നയത്തിന്റെ പ്രധാനലക്ഷ്യമാണ്.
ഡിജിറ്റല്‍ സംസ്ഥാന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഹൈപ്പവര്‍ ഐടി കമ്മിറ്റിക്ക് രൂപം നല്കി. ഡിജിറ്റല്‍ സാക്ഷരതയ്ക്ക് സാങ്കേതിക നടപടി പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സമയം വേണ്ടതിനാല്‍ ഡിജിറ്റല്‍ ജീവിതശൈലിയും ഡിജിറ്റല്‍ വാണിജ്യവും പ്രാബല്യത്തിലാകാന്‍ കൂടുതല്‍ സമയമെടുക്കും.
കൂടാതെ ഡിജിറ്റല്‍ കൊമേഴ്സിനാവശ്യമായ സൈറ്റുകളും ആപ്പുകളും തയ്യാറാക്കും. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഈ മുന്നേറ്റം കണ്ടാണ് നിരവധി വന്‍കിട അന്താരാഷ്ട്ര ഐടി കമ്പനികള്‍ കേരളത്തിലേക്ക് വരുന്നത്. ഭൗതിക പശ്ചാത്തലവികസനത്തില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ പുതുതായി ഒരുകോടി ചതുരശ്ര അടി ഐടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടത്. ഇതില്‍ 52 ലക്ഷം ചതുരശ്ര അടിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ബാക്കിയുള്ളതും യാഥാര്‍ത്ഥ്യമാകുന്നതോടെ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലവസരവും ലഭിക്കും.