തിരുവനന്തപുരം: പ്രളയദുരിതത്തില്‍ അതിജീവിക്കാന്‍ സംസ്ഥാനം കഠിനമായി പരിശ്രമിക്കുമ്പോഴും കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ളത് 660 കോടി രൂപ. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുകയാണ്. ഡിസംബര്‍ ഏഴ് വരെ 660,23,24,602 രൂപയാണ് കുടിശ്ശികയായി ഉള്ളത്.
തൊഴിലാളികള്‍ക്ക് സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസത്തെ കൂലി ലഭിക്കാനുണ്ട്. തൊഴിലെടുത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കേണ്ട വേതനമാണിത്. ക്രിസ്മസും പുതുവര്‍ഷവും വരാനിരിക്കെ കൂലികിട്ടാതെ കഷ്ടപ്പെടുകയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍. സംസ്ഥാന സര്‍ക്കാര്‍ വഴി നല്‍കിയിരുന്ന കൂലി മൂന്ന് വര്‍ഷം മുമ്പാണ് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നല്കാന് കേന്ദ്രം തീരുമാനിച്ചത്. ഇതോടെയാണ് കൂലി നല്കുന്നതില് തടസ്സം സംഭവിച്ചത്.
ആലപ്പുഴയിലാണ് കൂടുതല്‍ കുടിശ്ശികയുള്ളത്. 86,41,33,934 രൂപ. കുറവ് പത്തനതിട്ടയില്‍ 25,09,97,563 രൂപ. തിരുവനന്തപുരം (75,39,05,333 രൂപ), പാലക്കാട് (70,53,32,298) കോഴിക്കോട്(65,26,61,605), കൊല്ലം(57,04,64,728), ഇടുക്കി (48,74,31,952), തൃശൂര്‍(38,64,47,127), എറണാകുളം (38,11,15,326), മലപ്പുറം (37,03,36,099), കണ്ണൂര്‍ (31,34,13,546), വയനാട് (30,27,27,686), കാസര്‍കോട് (29,14,59,611), കോട്ടയം (27,18,88,394) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കുടിശ്ശിക.