തിരുവനന്തപുരം : വൈദ്യുതി ബില്‍ അടക്കാനുള്ള സംവിധാനം ഓണ്‍ലൈനിലേക്ക് മാറുന്നതിന്റെ ഭാഗമായി വൈദ്യുതി സെക്ഷന്‍ ഓഫീസുകളിലെ ബില്‍ അടക്കാനുള്ള സമയം കുറക്കുന്നു. നിലവില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെയാണ് സെക്ഷന്‍ ഓഫിസുകളിലെ കാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ജനുവരി ഒന്നു മുതല്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നു വരെയാക്കി ചുരുക്കും.
സംസ്ഥാനത്തെ മിക്ക സെക്ഷന്‍ ഓഫിസുകളിലും ബില്‍ അടയ്ക്കാനുള്ള സമയം ജനുവരി ഒന്നു മുതല്‍ കുറക്കാനാണ് തീരുമാനം. പണമിടപാടിന് ഡിജിറ്റലൈസേഷന് പ്രോത്സാഹിപ്പാക്കാനാണ് പരിഷ്കാരമെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. ഉച്ചക്ക് 1.15 മുതല്‍ രണ്ടു വരെ ഇടവേള സമയത്തും കാഷ് അടയ്ക്കാന്‍ കഴിയില്ല.
ആദ്യഘട്ടത്തില്‍ 15,000 ത്തില്‍ താഴെ ഉപഭോക്താക്കളുള്ള 334 സെക്ഷനുകളിലാണ് പുതിയ സമയക്രമം വരിക. ഇതോടെ ബില്‍ അടയ്ക്കാനുള്ള കൗണ്ടറും ഒന്നിലേക്ക് ചുരുങ്ങും. ശേഷിക്കുന്ന 437 സെക്ഷനുകള്‍ നിലവിലെ രീതിയില്‍ തുടരും. ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ സമാന തസ്തികയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാവുമെന്നാണ് വിലയിരുത്തല്‍