തിരുവനന്തപുരം: അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ നിഷേധിച്ചാല്‍ കടയുടമയില്‍ നിന്ന് പണം ഈടാക്കി കാര്‍ഡ് ഉടമക്ക് നല്കാന് സര്‍ക്കാര്‍ തീരുമാനം. റേഷന്‍വ്യാപാരിയുടെ സുരക്ഷാ നിക്ഷേപത്തില്നിന്നോ ഡീലര്‍ കമീഷനില്നിന്നോ ആയിരിക്കും റേഷന്‍ തത്തുല്യമായ തുക കാര്‍ഡ് ഉടമക്ക് സര്‍ക്കാര്‍ നല്‍കുക.
റേഷന്‍സാധനങ്ങള്‍ വ്യാപാരികള്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്നുവെന്ന വ്യാപക പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഇതുസംബന്ധിച്ച ഉത്തരവ് ഭക്ഷ്യവകുപ്പ് പുറത്തിറക്കി. മനഃപൂര്‍വം റേഷന്‍ വിഹിതം നല്‍കുന്നില്ലെന്ന് ബോധ്യപ്പെട്ടാല്‍ ഗുണഭോക്താവിന് ബന്ധപ്പെട്ട റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഇനി പരാതി നല്‍കാം.
പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ ഉടമകളില്‍നിന്ന് ഫുഡ് സെക്യൂരിറ്റി അലവന്‍സ് ഈടാക്കാമെന്നും സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ജില്ല സപ്ലൈ ഓഫിസര്‍ക്ക് കൈമാറിയ സര്‍ക്കുലറില്‍ പറയുന്നു. വ്യാപാരികള്‍ റേഷന്‍ സാധന കരിഞ്ചന്തയിലേക്ക് മറിക്കുന്നത് തടയുകയാണ് ഭക്ഷ്യവകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്.