പമ്പ: ശബരിമലയില്‍ ഭക്തരുടെ വരവ് കുറഞ്ഞതോടെ സ്റ്റീല്‍ പാത്ര കച്ചവടക്കാര്‍ പ്രതിസന്ധിയില്‍. മണ്ഡലകാലത്തോട് അനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ പാത്രങ്ങളാണ് സന്നിധാനത്ത് എത്തിച്ചിരിക്കുന്നത്. അയ്യപ്പഭക്തര്‍ കൂടുതലായി എത്തിയില്ലെങ്കില്‍ ഇവര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിനേരിടേണ്ടിവരും.
ശബരിമലയിലെ പ്രധാന പൂജയായ നെയ്യഭിഷേകത്തിന് ഭക്തര്‍ പ്രധാനമായും പാത്രങ്ങള്‍ വാങ്ങുന്നത് സന്നിധാനത്തെ സ്റ്റീല്‍ പാത്ര കടകളില്‍ നിന്നാണ്. ചെറിയ സ്റ്റീല്‍ ടിന് മുതല്‍ വലിയ പാത്രങ്ങള്‍ വരെ ലഭിക്കും. ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന നെയ്യ് തേങ്ങ പൊട്ടിച്ച് നെയ്യ് അഭിഷേകത്തിനായി എത്തിക്കുന്നത് ഈ പാത്രങ്ങളിലാണ്. പ്രസാദമായി ലഭിക്കുന്ന നെയ്യ് വീടുകളിലേക്ക് കൊണ്ടു പോകാനും ആശ്രയം ഈ പാത്രങ്ങള്‍ തന്നെയാണ്.
ധാരാളം സ്റ്റീല്‍ പാത്ര കടകള്‍ ഉണ്ടായിരുന്ന സന്നിധാനത്ത് നിലവില്‍ 15 എണ്ണം മാത്രമാണുള്ളത്. ഭക്തരുടെ വരവ് കുറഞ്ഞതിനാല്‍ പലരും കടകള്‍ അടച്ച് മടങ്ങുകയായിരുന്നു. കൂടാതെ സ്റ്റോക്ക് ഇറക്കിയതും പലയിടങ്ങളിലായി കെട്ടിവെച്ചിരിക്കുകയാണ്.
മധുരയില്‍ നിന്നാണ് പ്രധാനമായും പാത്രങ്ങള്‍ എത്തിക്കുന്നത്. 30 ലക്ഷത്തോളം ലേല തുക നല്‍കിയാണ് പലരും കടകള്‍ എടുത്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം രൂപ കച്ചവടം നടന്നിരുന്ന കടകളില്‍ അതിന്റെ പകുതി പോലും ഇപ്പോള്‍ നടക്കുന്നില്ല എന്നത് കച്ചവടക്കാര്‍ക്ക് വന്‍ തിരിച്ചടിയായി.