കണ്ണൂര്‍: സംസ്ഥാനത്താകമാനമുള്ള നാട്ടാനകളുടെ എണ്ണം 521. വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന നാട്ടാന സെന്‍സസ് പ്രകാരമാണ് ഈ കണക്ക്. ആനകളുടെയും ഉടമസ്ഥരുടെയും പാപ്പാന്മാരുടെയും പേരുവിവരങ്ങള്‍, ആനകളെ തിരിച്ചറിയാനുള്ള മൈക്രോചിപ്പ് വിവരങ്ങള്‍ എന്നിവയ്ക്കു പുറമെ ആനകളുടെ ഡിഎന്‍എ പ്രൊഫൈല്‍ സഹിതമുള്ള വിശദാംശങ്ങളാണ് ശേഖരിച്ചത്.
ഒറ്റ ദിവസംകൊണ്ടാണ് സെന്‍സസ് പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആനകളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്. ആനകളുടെ എണ്ണത്തിന് ആനുപാതികമായി സ്ക്വാഡുകള്‍ രൂപീകരിച്ചായിരുന്നു സെന്‍സസ് നടപടി.
ഏറ്റവും കൂടുതല്‍ ആനകളുള്ള ജില്ല തൃശ്ശൂരും കുറഞ്ഞത് കണ്ണൂരുമാണ്. 145 ആനകളാണ് തൃശ്ശൂരില്‍ ഉള്ളത്. മൂന്നു ആനകളുടെ വിശദാംശങ്ങളാണ് കണ്ണൂരില്‍നിന്ന് ലഭ്യമായത്. നാട്ടാനകളില്ലാത്ത ഏകജില്ല കാസര്‍കോടാണ്. തിരുവനന്തപുരം 48, കൊല്ലം 61, പത്തനംതിട്ട 25, ആലപ്പുഴ 20, കോട്ടയം 64, ഇടുക്കി 48, എറണാകുളം 23, തൃശ്ശൂര്‍ 145, പാലക്കാട് 55, മലപ്പുറം 7, കോഴിക്കോട് 12, വയനാട് 10, കണ്ണൂര്‍ 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള നാട്ടാനകളുടെ കണക്ക്.
ആനയുടെ ഉയരം, നീളം, തുമ്പിക്കൈ, കൊമ്പ്, വാല് എന്നിവയുടെ അളവ്, ചിത്രങ്ങള്‍ എന്നിവയെല്ലാം വിവരശേഖരത്തില്‍ ഉള്‍പ്പെടും. ഇതില്‍ 401 കൊമ്പനും 98 പിടിയാനകളും 22 മോഴകളും ഉള്‍പ്പെടുന്നു. ഏറ്റവും പ്രായം കുറഞ്ഞ ആന കോട്ടൂര്‍ ആന വളര്‍ത്തല്‍ കേന്ദ്രത്തിലെ കണ്ണനാണ് (9 മാസം). പ്രായം കൂടിയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള തിരുവനന്തപുരം ചെങ്കള്ളൂര്‍ ക്ഷേത്രത്തിലെ ദാക്ഷായണി (87 വയസ്സ്).