മലപ്പുറം: കുട്ടികള്‍ക്കിടയില്‍ കൈത്തണ്ടയില്‍ സ്വയം മുറിവേല്‍പ്പിക്കുന്ന ഓഫ് ലൈന്‍ ചലഞ്ച്. സമൂഹമാധ്യമങ്ങളിലെ ചലഞ്ചുകള്‍ക്ക് പിന്നാലെയാണിത്. മലപ്പുറം ജില്ലയില്‍ ഒരു പഞ്ചായത്തിലെ സ്കൂളുകളിലാണ് അമ്പതിലധികം കുട്ടികള്‍ സ്വന്തം പേര് കോമ്പസും വെള്ളാരംകല്ലുകളും ഉപയോഗിച്ച് ശരീരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പെണ്‍കുട്ടികളാണ് ചലഞ്ചേറ്റെടുത്തവരില് കൂടുതല്‍. എല്‍പി, യുപി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈകളിലാണ് ഇത്തരം മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. സ്വന്തം പേരിന്റെ ആദ്യക്ഷരമാണ് കുട്ടികള്‍ കൈകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റയ്ക്കും കൂട്ടമായുമാണ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.
വീട്ടില്‍ ഒറ്റയ്ക്കിരിക്കുന്ന സമയത്തും സ്കൂളിലെ ഒഴിവുസമയങ്ങളിലുമാണ് ഇതു ചെയ്തതെന്ന് കുട്ടികള്‍ അധ്യാപകരോട് പറഞ്ഞു. കോമ്പസും സ്റ്റീല്‍ സ്കെയിലുമുപയോഗിച്ച് ശരീരം മുറിവേല്‍പ്പിച്ചവരുമുണ്ട്. ചിലരുടെ മുറിവുകള്‍ക്ക് പഴുപ്പ് ബാധിച്ചിട്ടുണ്ട്.
ചില മദ്രസാധ്യാപകരാണ് കുട്ടികളുടെ കൈയില്‍ മുറിവ് കണ്ടെത്തിയത്. രക്ഷിതാക്കളെ വിളിപ്പിച്ച് വിശദമായി ചോദിച്ചപ്പോഴാണ് ഹൈസ്കൂള്‍തലത്തിലെ പെണ്കുട്ടികളില്നിന്നാണ് ഇതു തുടങ്ങിയതെന്ന സൂചന ലഭിച്ചത്. എന്നാല്‍ ആ കുട്ടികള്‍ക്ക് എവിടെനിന്നാണ് ഇതു ലഭിച്ചതെന്ന കാര്യം അറിയില്ല.
ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പിടിഎ കമ്മിറ്റികള്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ സ്കൂളുകളില്‍ ഈ പ്രവണത നിലനില്‍ക്കുന്നതായി അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.