മട്ടന്നൂര്‍: കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി തുളസീദാസ് കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍നിന്ന് ജനുവരിയോടെ ദിവസേന 12 സര്‍വീസുകളുണ്ടാകുമെന്ന് അറിയിച്ചു. ഉദ്ഘാടനദിവസമായ ഡിസംബര്‍ ഒന്‍പതു മുതല്‍ സര്‍വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യാ എക്സ്പ്രസിന് പുറമെ ഗോ എയറും താല്പര്യമറിയിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റും ഇന്‍ഡിഗോയും ജനുവരി ആദ്യം മുതലാണ് സര്‍വീസ് നടത്തുക. ജനുവരിയോടെ പ്രധാനപ്പെട്ട എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വീസ് നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ഉഡാന്‍ സര്‍വീസ് നടത്തും. ഗോ എയര്‍ ഗള്‍ഫ് സര്‍വീസുകള്‍ക്കു പുറമെയാണിത്. ഇന്‍ഡിഗോ ബെംഗളൂരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, ഹുബ്ലി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഉഡാന്‍ സര്‍വീസ് നടത്തുക. ഡിസംബര്‍ ഒന്‍പതിന് രാവിലെ 10ന് എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയിലേക്കുള്ള സര്‍വീസോടെയാണ് വിമാനത്താവളം കമ്മിഷന് ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് വിമാനത്താവള ടെര്‍മിനലില്‍ നിലവിളക്ക് കൊളുത്തിയ ശേഷം വിമാനം ഫ്ളാഗ് ഓഫ് ചെയ്യും.
അബുദാബിയില്‍നിന്ന് തിരിച്ചുള്ള സര്‍വീസ് ആദ്യദിവസം വൈകുന്നേരം തന്നെയുണ്ടാകും. ദോഹ, റിയാദ്, ഷാര്‍ജ സര്‍വീസുകളും രണ്ടാം ദിവസത്തോടെ തുടങ്ങും. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ രണ്ടാമത്തെ വിമാനം എത്തുന്നതോടെ ഡിസംബറില്‍ത്തന്നെ മസ്ക്കറ്റ് സര്‍വീസ് തുടങ്ങുകയും ഷാര്‍ജ സര്‍വീസ് ദിവസേനയാക്കുകയും ചെയ്യും.
വിപുലമായ ഒരുക്കങ്ങളാണ് വിമാനത്താവളം ഉദ്ഘാടനത്തിന് നടക്കുന്നത്. ഓഹരിയുടമകളായ 6700 പേരെയും ആദ്യമേ ക്ഷണിച്ചു. അവര്‍ക്ക് പ്രത്യേക ഇരിപ്പിടമൊരുക്കും. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് നിര്‍ദേശിച്ച പാര്‍ക്കിങ് കേന്ദ്രങ്ങളില്‍നിന്ന് എഴുപതോളം ബസ്സുകള്‍ സൗജന്യമായി സര്‍വീസ് നടത്തും. രാവിലെ 10നാണ് ഉദ്ഘാടനമെങ്കിലും എട്ടുമുതല്‍ കലാപരിപാടികളും ഒന്‍പതിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള കേളികൊട്ടും നടക്കും.