മൂന്നാര്‍: സഞ്ചാരികള്‍ക്ക് കൂടുതല്‍ ആവേശമായി മൂന്നാറില്‍ അതിശൈത്യം തുടങ്ങി. ബുധനാഴ്ച ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയിലെത്തി. വരും ദിവസങ്ങളില്‍ താപനില മൈനസിലെത്തുമെന്നാണ് സൂചന. നീലക്കുറിഞ്ഞി വസന്തത്തിന് ശേഷം എത്തിയ അതിശൈത്യം മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരുമെന്നാണ് പ്രതീക്ഷ.
ബുധനാഴ്ച അഞ്ചുഡിഗ്രിയായിരുന്നു താപനില. ചൊവ്വാഴ്ച എട്ടും തിങ്കളാഴ്ച ഒന്‍പതുമായിരുന്നു താപനില. മൂന്നാറും പരിസരപ്രദേശങ്ങളിലും ശക്തമായ കോടമഞ്ഞ് അനുഭവപ്പെട്ടു തുടങ്ങി. അതിശൈത്യം ആസ്വദിക്കാന്‍ സഞ്ചാരികള്‍ കൂടുതലായി എത്തുമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രതീക്ഷിക്കുന്നത്.
ശരീരത്തിലേക്ക് സൂചി കുത്തിയിറക്കുന്ന പോലെയുള്ള തണുപ്പ് മൂന്നാറിനെ പതിവില്‍ നിന്നും കുറച്ച് കൂടി വ്യത്യസ്തമാക്കുന്നു. വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ മൂന്നാറിനെ അറിയണമെങ്കില്‍ രാവിലെ ആറുമണിക്കെങ്കിലും ഉണരണം. തണുപ്പിന്റെ അടയാളങ്ങള്‍ ആസ്വദിക്കാനും രാത്രിയും രാവിലെയുമാണ് ഉത്തമം.