കണ്ണൂര്‍: കുഞ്ഞു നിര്‍മാണ മാതൃകകളും കുട്ടി ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങളുമായി സംസ്ഥാന ശാസ്ത്രോത്സവം തുടരുന്നു. മൂന്ന് ദിവസത്തെ മേളയില്‍ മത്സരിക്കുന്നത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 5160 പ്രതിഭകളാണ്. തത്സമയ പ്രവൃത്തി പരിചയമേളയില്‍ 950 പേര് വിഭിന്ന ശേഷിക്കാര്‍ മത്സരിച്ചു.
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ സമാപനദിനമായ ഇന്നത്തെ പ്രധാന ഇനം പ്രവൃത്തിപരിചയത്തിലെ തത്സമയ മത്സരമാണ്. ആലപ്പുഴയടക്കമുള്ള ജില്ലകള്‍ ശാസ്ത്രമേളയ്ക്ക് എത്തിയിരിക്കുന്നത് പ്രളയം തകര്‍ത്ത ക്ലാസ്മുറികളില്‍നിന്ന് കണ്ടുപിടിത്തങ്ങളുമായിട്ടാണ്. കപ്പും ചാമ്പ്യരും ഇല്ലെങ്കിലും പ്രളയത്തിന് മേല്‍ ഉയരാനാണ് പാലക്കാടിന്റേയും വരവ്. രണ്ടു വര്‍ഷമായി ചാമ്പ്യന്‍ മാരായ പാലക്കാട്ട് നിന്ന് ഇക്കുറി 284 വിദ്യാര്‍ഥികള്‍ എത്തി.
ശാസ്ത്രമേളയില്‍ പ്രളയം തകര്‍ത്ത നാടിനെ തിരികെ കൊണ്ടുവരാനുള്ള മാതൃകകള്‍ വിഷയമായി. നദികള്‍ കരകവിഞ്ഞ് സര്‍വനാശം വിതച്ചതിന്റെ കാരണംതേടിയുള്ള അന്വേഷണവും മത്സരത്തില്‍ ഉണ്ട്. ഗണിതവും ഐടിയും സാമൂഹികശാസ്ത്ര മത്സരവും അധ്യാപകര്‍ക്കുള്ള മത്സരവും നടന്നു.
മേളയില്‍ കേരളത്തിലെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും ഉണ്ട്. അഞ്ചുവേദികളിലാണ് ശാസ്ത്രോത്സവം നടക്കുന്നത്. ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, സാമൂഹികശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐടി മേളകളാണ് ഉള്ളത്.
ആകെ 173 മത്സരയിനങ്ങളുണ്ട്. ബര്‍ണശ്ശേരി സെയ്ന്റ് തെരാസസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എളയാവൂര് സിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെയ്ന്റ് മെക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയാണ് പ്രധാന വേദികള്‍.