കണ്ണൂര്‍: ഇനി പൂച്ചെടികള്‍ക്ക് പ്രത്യേകമായി വളം ഇടേണ്ട. സാധാരണയായി ചാണകവും ജൈവപാഴ്വസ്തുക്കളുമാണല്ലോ ചെടിക്ക് വളമായി ഇടാറുള്ളത്. ഇപ്പോഴിതാ ചാണകവും ജൈവപാഴ്വസ്തുക്കളും കൊണ്ട് നിര്‍മിച്ച ചെടിച്ചട്ടി. കണ്ണൂരില്‍ നടക്കുന്ന ശാസ്ത്രോത്സവത്തില്‍ ഇത്തരം ചെടിച്ചട്ടിയുമായി എത്തിയിരിക്കുകയാണ് നിദ മെഹറും വി ഷാമിലയും.
ഇവര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജിഎംഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളാണ്. എച്ച്എസ്എസ് തലം റിസര്‍ച്ച് ടൈപ്പ് വിഭാഗത്തിലാണ് ഇരുവരും ഈ ചെടിച്ചട്ടികള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ചാണകത്തിനും ജൈവപാഴ്വസ്തുക്കള്ക്കും പുറമേ ഉമിയും ചകിരിച്ചോറുമൊക്ക ചെടിച്ചട്ടിയുണ്ടാക്കാന് ഉപയോഗിച്ചിട്ടുണ്ട്. ഇവയുടെ മിശ്രിതം ചെടിച്ചട്ടിയുടെ മൂശയിലേക്ക് നിറയ്ക്കുകയാണ് ചെയ്യുന്നത്. ഈ ചട്ടികള്‍ ഒമ്പതു മാസം വരെ അലിയാതെ നില്ക്കും. 20 സെന്റിമീറ്റര്‍ നീളവും 15 സെന്റിമീറ്റര്‍ വ്യാസവുമുള്ള ചട്ടിയുണ്ടാക്കാന്‍ അഞ്ച് രൂപയേ ചെലവുവരുന്നുള്ളൂ.