കൊച്ചി: വിവിധയിനം ഗൃഹോപകരണങ്ങളുടെ വില കുറയുമെന്ന് റിപ്പോര്‍ട്ട്. ഫ്രിഡ്ജ്, വാഷിങ് മെഷീന്, ചെറിയ സ്ക്രീന്‍ ടെലിവിഷനുകള്‍, വാക്വം ക്ലീനറുകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വിലയാണ് കുറയുന്നത്. ഇവയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതോടെയാണ് ഇത്.
വിലയില്‍ എട്ടു ശതമാനം വരെ കുറവുണ്ടാകുമെന്ന് ഇലക്ട്രോണിക്സ്-ഗൃഹോപകരണ നിര്‍മാതാക്കള്‍ പറയുന്നു. വില കുറയുന്നതോടെ, ഇത്തവണ ഓണക്കാല വില്‍പ്പന കഴിഞ്ഞ ഓണക്കാലത്തെക്കാള്‍ 25 ശതമാനം വരെ കൂടുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
കഴിഞ്ഞ നാലു വര്‍ഷമായി ഓണക്കാല വില്‍പ്പനയില്‍ വലിയ കുതിപ്പുണ്ടായിട്ടില്ല. നോട്ടു നിരോധനത്തിനു പിന്നാലെ ജിഎസ്ടി കൂടി നടപ്പാക്കിയ ശേഷമുള്ള ആദ്യ ഓണം ആയതിനാല്‍ കഴിഞ്ഞ വര്‍ഷം വില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ടാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 800 കോടി രൂപയില്‍ താഴെയായിരുന്നു ഓണക്കാല വില്‍പ്പനയെന്നാണ് കരുതുന്നത്. ഈ വര്‍ഷം അത് 1,000 കോടി രൂപ കടക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ഇത്തവണ ഓഗസ്റ്റില്‍ തന്നെ ഓണമെത്തുന്നതിനാല്‍ രണ്ടു മാസത്തെ വില്‍പ്പന പോലും ലഭിക്കില്ല. മഴ കടുക്കുക കൂടി ചെയ്തതോടെ വില്‍പ്പന കുറയുമെന്നായിരുന്നു കഴിഞ്ഞയാഴ്ച വരെ കരുതിയിരുന്നത്. എന്നാല്‍, ജിഎസ്ടി നിരക്ക് കുറച്ചത് വിപണിക്ക് അനുഗ്രഹമായിരിക്കുകയാണ്.
ജിഎസ്ടി കൗണ്‍സില്‍ നിരക്കുകള്‍ കുറയ്ക്കുന്നത് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ നാലു ദിവസമായി വില്‍പ്പന കുറഞ്ഞിരുന്നു. വില കുറഞ്ഞ ശേഷം വാങ്ങാമെന്ന് ഉപഭോക്താക്കള്‍ കരുതിയതാണ് കാരണം. എന്നാല്‍, വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നതോടെ വില്‍പ്പന കൂടും. ഓഗസ്റ്റ് ആദ്യവാരം ശമ്പളം ലഭിക്കുന്നതോടെ, വില്‍പ്പനയില്‍ വലിയ കുതിപ്പുണ്ടാകുമെന്നാണ് വ്യാപാരികളുടെയും ഗൃഹോപകരണ നിര്‍മാതാക്കളുടെയും കണക്കുകൂട്ടല്‍. വ്യാപാരികള്‍ ആവശ്യത്തിന് ഉത്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്.
രാജ്യത്ത് ഉത്സവ സീസണ് തുടങ്ങുന്നത് ഓണക്കാലത്താണ്. എല്ലാ ഗൃഹോപകരണ കമ്പനികളും പുതിയ ഉത്പന്ന നിര അവതരിപ്പിക്കുന്നതും ഓണക്കാലത്താണ്. ഓണത്തിന്റെ വില്‍പ്പന ട്രെന്‍ഡാണ് ഓരോ വര്‍ഷവും ദേശീയ തലത്തിലുള്ള വില്‍പ്പന എങ്ങനെയാവുമെന്ന് വിലയിരുത്താന്‍ കമ്പനികള്‍ ഉപയോഗിക്കുന്നത്. ഓണത്തിനു പിന്നാലെ, മറ്റു സംസ്ഥാനങ്ങളില്‍ വിനായക ചതുര്‍ഥി, ദുര്‍ഗാ പൂജ, ദസറ, ദീപാവലി എന്നീ ഉത്സവങ്ങളെത്തും. കേരളത്തില്‍ ഓണം വില്‍പ്പന നന്നായാല്‍ മറ്റു സംസ്ഥാനങ്ങളിലും ഉത്സവകാല വില്‍പ്പന മെച്ചപ്പെടുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.