കൊല്ലം; അഞ്ചാലുംമൂട്ടില്‍ പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഒരാഴ്ച മുമ്പാണ് തൃക്കടവൂര്‍ സ്വദേശിനിയായ ഷബ്നയെ കാണാതായത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പിഎസ്സി പരീക്ഷ കേന്ദ്രത്തിലേക്ക് ഷബ്ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് ഇതുവരെ ആ പെണ്‍കുട്ടിയെ ആരും കണ്ടിട്ടില്ല. കാണാതായ ദിവസം വൈകിട്ട് ഷബ്നയുടെ ബാഗും പുസ്തകങ്ങളും പോലീസിന് ലഭിച്ചിരുന്നു. കോസ്റ്റുഗാര്‍ഡിന്റെ സഹായത്തോടെ കടലില്‍ പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. എട്ട് ദിവസമായി ഷബ്നയെ കാണാതായതോടെ കുടുംബം കണ്ണീരിലാണ്. ബീച്ചിന് സമീപത്തെ റോഡിലൂടെ ഷബ്ന ഒറ്റയ്ക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. കാണാതാവുന്നതിന്റെ മൂന്ന് ദിവസം മുന്‍പ് ഇവര്‍ തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അറിയുകയും ബന്ധം വിലക്കുകയും ചെയ്തിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.