തിരുവനന്തപുരം: പത്താംക്ലാസ്, ഹയര്‍സെക്കന്‍ഡറി ക്രിസ്തുമസ് പരീക്ഷകള്‍ ഒന്നിച്ച് നടത്താനുള്ള തീരുമാനം മാറ്റി. ക്രിസ്തുമസ് പരീക്ഷ പഴയപോലെ തന്നെ നടക്കും. എന്നാല്‍ വാര്‍ഷിക പരീക്ഷ ഒന്നിച്ചു നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി ഗുണനിലവാര പരിശോധനാസമിതി (ക്യുഐപി) ഇന്ന് യോഗം ചേരും. ക്രിസ്തുമസിന് പത്താംക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ ഒന്നിച്ച് നടത്തി വിജയകരമെങ്കില്‍ മോഡല്‍ പരീക്ഷയും തുടര്‍ന്ന് വാര്ഷികപരീക്ഷകളും ഒന്നിച്ച് നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗത്തില്‍ ധാരണയായിരുന്നു.
എന്നാല്‍,പരിശോധനയില്‍ ക്രിസതു്മസിന് ഒന്നിച്ച് പരീക്ഷ നടത്താന്‍ ക്ലാസുകള്‍ തികയില്ലെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പുതിയ തീരുമാനം. ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ രണ്ടാം പാദവാര്‍ഷികത്തിന് ഒരേസമയം നടത്തണം. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ രാവിലെയാക്കുമ്പോള് ഒമ്പതുവരെയുള്ള മുഴുവന്‍ ക്ലാസിലെയും പരീക്ഷകള്‍ ഉച്ചകഴിഞ്ഞ് നടത്താന്‍ നിലവിലെ സാഹചര്യത്തിലാകില്ല. എന്നാല്‍, വാര്‍ഷിക പരീക്ഷകള്‍ ഒരേസമയം നടത്താന്‍ തടസ്സമില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ മറ്റുക്ലാസുകളിലെ പരീക്ഷകള്‍ നടത്തുക പതിവില്ല. ആ സാഹചര്യത്തില്‍ പരീക്ഷകള്‍ ഒന്നിച്ച് നടത്തുന്നതിന് തടസ്സമില്ല. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചയ്ക്കുശേഷമേ തീരുമാനം ഉണ്ടാകൂവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.