തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വില കുതിച്ചുയരുന്നു. മണ്ഡലകാലം ആരംഭിച്ചതോടെ 20 മുതല്‍ 80 ശതമാനം വരെ വില വര്‍ധിച്ചതായി വ്യാപാരികള്‍ പറയുന്നു. ഹോര്‍ട്ടികോര്‍പ് സംഭരിക്കുന്ന പച്ചക്കറിയില്‍ ഇടിവുണ്ടായതും പച്ചക്കറി വിലക്കയറ്റം രൂക്ഷമാക്കി. കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തെ തുടര്‍ന്ന് വ്യാപകമായി പച്ചക്കറി കൃഷി നശിച്ചത് കാര്‍ഷികമേഖലയ്ക്ക് തിരിച്ചടിയായിരുന്നു.
അടുത്തയാഴ്ച മുതല്‍ ക്രിസ്മസ് നോമ്പ് കൂടി ആരംഭിക്കുന്നതോടെ പച്ചക്കറി വില ഇനിയും ഉയരാനാണ് സാധ്യത. ചെറിയുള്ളി വില എണ്‍പത് കടന്നതായി വില്‍പ്പനക്കാര്‍ പറയുന്നു. രണ്ടാഴ്ച മുന്‍പ് വരെ കിലോ 40 രൂപയായിരുന്ന മുരിങ്ങക്കായ 140 രൂപയ്ക്കാണ് ഇപ്പോള്‍ ചില്ലറ വ്യാപാരകേന്ദ്രങ്ങളില്‍ വില്‍പ്പനയ്ക്കെത്തുന്നത്.
എന്നാല്‍ കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, സവാള തുടങ്ങിയവയുടെ വിലയില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടില്ല എന്നത് കുറച്ച് ആശ്വാസം പകരുന്നു. തമിഴ്നാട്ടില്‍ നിന്നും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ തോതിലാണ് കേരളത്തില്‍ പച്ചക്കറി എത്തുന്നത്.