പുനലൂര്‍: കുക്കറി ഷോകളെ വെല്ലും വിധം കുട്ടികളുടെ രുചിക്കൂട്ടൊരുക്കല് മത്സരം. ജില്ലാതല പ്രവൃത്തിപരിചയമേളയിലായിരുന്നു അധ്യാപകരെയും മറ്റ് കാണികളെയും ആവേശമാക്കിയ കുട്ടികളുടെ അടുക്കളയിലെ രുചിക്കൂട്ടൊരുക്കല് മത്സരങ്ങള്‍.
കുട്ടികളാണ് പാചകം ചെയ്യുന്നതെങ്കിലും ഇതൊരു കുട്ടിക്കളി അല്ല എന്ന രീതിയിലായിരുന്നു മത്സരങ്ങള്‍. വളരെ മികവോടെയും വൃത്തിയോടെയും കൈപ്പുണ്യവുമായാണ് കുട്ടികള്‍ മത്സരിച്ചത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും തയ്യാറാക്കിയ ഇനങ്ങള്‍ എല്ലാം സ്വാദേറും വിഭവങ്ങള്‍ തന്നെയായിരുന്നു. ചെലവ് കുറഞ്ഞ രീതിയില്‍ പോഷകാഹാരങ്ങള്‍ ഒരുക്കല്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ കൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങള്‍ തയ്യാറാക്കല്‍ എന്നിവയായിരുന്നു മത്സരങ്ങള്‍.
ഓരോ ഇനത്തിലും 10 വിഭവം എങ്കിലും ഉണ്ടാക്കണമെന്നായിരുന്നു നിര്‍ദേശം. ഗ്രാമീണ അടുക്കളയെയും ആധുനിക സംവിധാനങ്ങളുള്ളവയെയും ഓര്‍മിപ്പിക്കും വിധത്തിലായിരുന്നു മത്സരങ്ങള്‍ക്കുള്ള പാചകവേദി. മേളയില്‍ പാചകമത്സരം കാണാനായിരുന്നു ആളുകളുടെ തിരക്ക്. ആരോഗ്യകരമായ തനി നാടന്‍ ഭക്ഷണങ്ങളായിരുന്നു കുട്ടികള്‍ ഒരുക്കിയത്. ഏറെ ആകര്ഷകമായിട്ടായിരുന്നു അവയുടെ പ്രദര്‍ശനവും.