തിരുവനന്തപുരം: ഡാം പൊട്ടിയാല്‍ ജനങ്ങളുടെ രക്ഷയ്ക്കായി റോബോട്ടുകളെ ഇറക്കാനുള്ള സാങ്കേതിക വിദ്യയുമായി വിദ്യാര്‍ഥികള്‍. റോബോട്ടുകള്‍ ജനങ്ങള്‍ അകപ്പെട്ടുകിടക്കുന്നിടത്ത് എത്തി രക്ഷിക്കുകയും ഭക്ഷ്യവസ്തുക്കളും മറ്റും എത്തിക്കുകയും ചെയ്യും. ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ ഭാഗമായുള്ള ഈ നൂതനവിദ്യ വികസിപ്പിച്ചിരിക്കുന്നത് ആറ്റിങ്ങല്‍ കെടിസിടി വിദ്യാലയത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ അശ്വിന്, ഹഫ്സാന എന്നിവരാണ് .
തൈക്കാട് ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ജിലാതല ശാസ്ത്ര മേളയുടെ ഭാഗമായുള്ള വര്‍ക്കിങ് മോഡല്‍ മത്സരവിഭാഗത്തിലാണ് പദ്ധതി അവതരിപ്പിച്ചത്. ഡ്രോണിന്റെ സഹായത്തോടെ ജിപിഎസ് ക്യാമറ ഉപയോഗിച്ച് ആള്‍ക്കാരെ കണ്ടുപിടിക്കാനും വിദൂരനിയന്ത്രിത സംവിധാനത്തിലൂടെ ലൈഫ് ജാക്കറ്റുകള്‍ ഇട്ടുകൊടുത്തു രക്ഷിക്കാനുള്ള പദ്ധതിയും വിദ്യാര്‍ഥിസംഘം ഒരുക്കി.
കൂടാതെ പോത്തന്‍കോട് എല്‍വിഎച്ച്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥികളായ ഫൗസിയ , അക്ഷയ എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ‘ആരോഗ്യ- ഊര്‍ജസംരക്ഷണ സൈക്കിള്‍ യന്ത്രം ‘ മെളയില് ഏറെ കൗതുകമുണര്‍ത്തി. സൈക്കിള്‍ ചവിട്ടുമ്പോള്‍ മിക്സിയും തേങ്ങാ തിരുമ്മുന്ന യന്ത്രവും പ്രവര്‍ത്തിപ്പിക്കാനാകും. വെള്ളം പമ്പ് ചെയ്യാനും മൊബൈല്‍ ചാര്‍ജ് ചെയ്യാനും സാധിക്കും. ആരോഗ്യസംരക്ഷണവും ഊര്‍ജലാഭവും ഉണ്ടാക്കുന്ന യന്ത്രമാണെന്ന് കുട്ടികള്‍ പറയുന്നു.
സയന്‍സ് മേളയില്‍ വര്‍ക്കിംഗ് മോഡല്‍ , പ്രോജക്ട് , സ്റ്റില്‍ എന്നീ വിഭാഗങ്ങളിലും സോഷ്യല്‍ സയന്‍സ് മേളയിലും ഐടി മേളയിലുമായി ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ശനിയാഴ്ച ഗണിതശാസ്ത്രമേള , പ്രവൃത്തിപരിചയ മേള എന്നീ വിഭാഗങ്ങളില്‍ ആയിരത്തഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. തൈക്കാട് ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ , മോഡല്‍ എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലാണ് ശാസ്ത്രമേള. ജനറല്‍ കണ്‍വീനറും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ സിഎന്‍ തങ്കച്ചന് , ഹെഡ്മാസ്റ്റര് ആര്‍എസ് സുരേഷ് ബാബു എന്നിവരാണ് നേതൃത്വം നല്‍കുന്നത്.