തിരുവനന്തപുരം: മണ്ഡലകാല തീര്‍ത്ഥാടനത്തിനായി റെയില്‍വെ അനുവദിച്ചത് തിരക്കിന് അനുസരിച്ച് നിരക്ക് കൂടുന്ന ട്രെയിനുകള്‍. വെള്ളിയാഴ്ച പ്രഖ്യാപിച്ച സുവിധ ട്രെയിനും സ്പെഷ്യല്‍ ഫെയര്‍ ട്രെയിനുകളും ഉള്‍പ്പെടെ എട്ട് ട്രെയിനുകള്‍ക്കും നിലവിലുള്ളതിന്റെ നാലിരട്ടിയിലധികമാണ് നിരക്ക്.
ചെന്നൈയില്‍നിന്നും ഹൈദരാബാദില്‍നിന്നും കോട്ടയം വഴി കൊല്ലത്ത് ട്രെയിനുകള്‍ യാത്ര അവസാനിപ്പിക്കും. സുവിധ ട്രെയിന്‍ യാത്രക്കാരുടെ തിരക്കിനനുസരിച്ച് നിരക്ക് കൂടും. സ്പെഷ്യല്‍ ഫെയര്‍ ട്രെയിനിന് തല്‍ക്കാല്‍ നിരക്ക് നല്‍കണം. ചെന്നൈയില്‍നിന്ന് കൊല്ലത്തേക്ക് സ്ലീപ്പര്‍ ക്ലാസില്‍ 450 രൂപയാണ് സാധാരണ ടിക്കറ്റ് നിരക്ക്.
ഇതേസമയം സ്പെഷ്യല്‍ ഫെയര്‍ ട്രെയിനിന് 570 രൂപ നല്‍കേണ്ടി വരും. സുവിധ ട്രെയിനിന് 2000 രൂപവരെയായി നിരക്ക് ഉയരും. തമിഴ്നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നുമെല്ലാം വരുന്ന അയ്യപ്പഭക്തര്‍ നാലിരട്ടിയോളം നിരക്ക് നല്‍കേണ്ടിവരും. നിലവിലുള്ള ട്രെയിനുകള്‍ തന്നെ നമ്പര്‍ മാറ്റി സുവിധയും സ്പെഷ്യല്‍ ഫെയറുമാക്കി ഭക്തരുടെ കണ്ണില്‍ പൊടിയിടുകയാണ് റെയില്‍വെ.