തൃശ്ശൂര്‍: ജൈവപച്ചക്കറിയെന്ന വ്യാജേന വില്‍ക്കുന്ന പച്ചക്കറികളില്‍ കീടനാശിനി പ്രയോഗം കണ്ടെത്തി. 11.2 ശതമാനത്തോളമാണ് കീടനാശിനിയുടെ അളവ്. പൊതുവിപണികളില്നിന്നും ശേഖരിച്ച ചില പച്ചക്കറികളില്‍ സംസ്ഥാനത്ത് നിരോധിച്ച ഉഗ്രവിഷാംശവും കണ്ടെത്തി. കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട പരിശോധനശാലയാണ് 2018 ജനുവരി മുതല്‍ ജൂണ്‍വരെ ശേഖരിച്ച സാമ്പിളുകളുടെ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
മാര്‍ക്കറ്റിലെ ബീറ്റ്റൂട്ട്, സാമ്പാര്‍ മുളക്, മല്ലിയില, കറിവേപ്പില എന്നിവയിലെ ഒരോ സാമ്പിളുകളിലും പുതിനയിലയുടെ രണ്ട് സാമ്പിളുകളിലുമാണ് കുമിള്‍നാശിനിയായ ഡൈഫിനൊകൊണസോള്, കീടനാശിനികളായ ഇമിഡാക്ലോപ്പ്രിഡ്, ബൈഫെന്ത്രിന്, ക്ളോര്‍പൈറിഫോസ്, പ്രൊഫെനോഫോസ്, എന്നിവ കണ്ടെത്തിയത്. ഈ വിളകള്‍ കേരളത്തില്‍ കാര്യമായി കൃഷി ചെയ്യുന്നവയല്ല.
ജൈവ ലേബലില്‍ വില്‍ക്കുന്ന ചുവന്ന ചീര, ബീന്‍സ്, പച്ചമുളക്, വെള്ളരി, പടവലം, പയര്‍ എന്നിവകളിലെ ഒരോ സാമ്പിളുകളിലും അയമോദകം, കാശ്മീരി മുളകുപൊടി എന്നിവയിലും കീടനാശിനി സാന്നിധ്യം കണ്ടെത്തി. ലാംബ്ഡാ സൈഹാലോത്രിന്‍, ക്യുനാല്‍ഫോസ്, എത്തയോണ്‍ എന്നീ കീടനാശിനികള്‍ പച്ചക്കറികളിലും മാലത്തയോണ്‍, ക്യുനാല്‍ഫോസ്, പ്രൊഫെനോഫോസ്, എത്തയോണ്‍, ബൈഫെന്ത്രിന്, ഫെന്‍പ്രൊപ്പാത്രിന്‍ എന്നിവ സുഗന്ധവ്യഞ്ജനങ്ങളിലും കണ്ടെത്തി. പല കീടനാശിനികളും ഉഗ്രവിഷമായ മഞ്ഞവിഭാഗത്തില്പ്പെടുന്നവയാണ്. പ്രൊഫെനോഫോസ് 2011ല്‍ കേരളത്തില്‍ നിരോധിച്ചതാണ്.
സാമ്പാര്‍ മുളകില്‍ കണ്ട ഇമിഡാക്ലോപ്പ്രിഡ്, ലാംബ്ഡാ ബീന്‍സില്‍ കണ്ട സൈഹാലോത്രിന്‍, മുളകില്‍ കണ്ട തയാക്ലോപ്പ്രിഡ് എന്നീ മൂന്ന് കീടനാശിനികള്‍ അനുവദനീയ പരിധിക്കു മുകളിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍നിന്നുമാണ് സാമ്പിള്‍ പരിശോധിച്ചത്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ 553 സാമ്പിളുകളില്‍ 5.4 ശതമാനം പച്ചക്കറികളില്‍ മാത്രമാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്.
ഗുണനിലവാരമില്ലത്തതും, നിരോധിച്ചതുമായ കീടനാശിനികള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കാന്‍ നിയമനടപടി സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള കീടനാശിനി ശുപാര്‍ശ ചെയ്ത അളവില്‍ മാത്രം ചെടികളില്‍ പ്രയോഗിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും കൃഷി വകുപ്പിന്റെ ഇക്കോഷോപ്പുകളില്‍ വില്‍ക്കുന്ന ഇനങ്ങളും താരതമ്യേന സുരക്ഷിതമാണെന്നത് ആശ്വാസം പകരുന്നു. പഴവര്ഗങ്ങളില് കീടനാശിനി കണ്ടെത്തിയില്ല.