തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിനില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നെന്നും മന്ത്രി പറഞ്ഞു.
എങ്ങനെയെങ്കിലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന നിലപാട് ഇടതുമുന്നണിക്കുമില്ല. യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാരോ എല്‍ഡിഎഫോ ഒന്നും ചെയ്തിട്ടില്ല. തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍ പോലെ വ്യക്തമാണ്.
സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാരിന് നിലപാടെടുക്കാനാകില്ലെന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. പ്രശ്നങ്ങള്‍ ഒഴിവാക്കി ക്രമീകരണമുണ്ടാക്കാന്‍ വേണ്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.