ചെങ്ങന്നൂര്‍: ഉറുമ്പുകളുടെ കൂട്ടത്തിലേക്ക് പുതുതായി മൂന്ന് തരം ഉറുമ്പുകള്‍ കൂടി. വരട്ടാറിന്റെ തീരത്ത് മൂന്ന് തരം പുതിയ ഉറുമ്പുകളെ കണ്ടെത്തി. ടെട്രാമോറിയം കാല്ഡേറിയം, കരിമ്പാര ലിഗ്നേറ്റ, ഹൈപ്പോ പൊനീറ എന്നിവയാണ് പുതിയ തരം. വരട്ടാര്‍-ആദി പമ്പാ തീരങ്ങളില്‍ നിന്നാണ് ഉറുമ്പുകളെ കണ്ടെത്തിയിരിക്കുന്നത്.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റേയും ഭൂമിത്രസേനാ ക്ലബിന്റേയും സംയുക്താഭിമുഖ്യത്തില്‍ വരട്ടാറിന്റെ തീരത്ത് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഏപ്രില്‍, മെയ് മാസങ്ങളിലായിരുന്നു പഠനം. ട്രാവന്‍കൂര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ഉറുമ്പ് ഗവേഷക സംഘാംഗമായ മനോജ് വെമ്പായത്തിന്റെ സഹായത്തോടെയാണ് പുതിയ ഇനം ഉറുമ്പുകളെ തിരിച്ചറിഞ്ഞത്.
കരിയിലകള്‍ക്ക് ഇടയിലും മണ്ണിന് അടിയിലുമായി വസിക്കുകയായിരുന്നു ഈ മൂന്നിനം ഉറുമ്പുകള്‍. ഇരുകരകളിലും നടത്തിയ പഠനത്തില്‍ ആകെ 41 ഇനം ഉറുമ്പുകളെയാണ് കണ്ടെത്തിയത്.