തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാലത്ത് എത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്ന് കെഎസ്ആര്‍ടിസി. ശബരിമല തീര്‍ത്ഥാടനത്തിനായി നാലര ലക്ഷത്തിലധികം പേരാണ് ഇതുവരെ കെഎസ്ആര്‍ടിസി വഴി മാത്രം നിലയ്ക്കലിലേക്ക് ബുക്ക് ചെയ്തിട്ടുള്ളത്. ഇത്രയും പേരുടെ വിവരങ്ങള്‍ ഉടന്‍ സര്‍ക്കാറിന് കൈമാറും. ഏറെ വെല്ലുവിളി നിറഞ്ഞ മണ്ഡലകാലത്തെ സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ടാണ് സുരക്ഷയുടെ ഭാഗമായി പുതിയ സംവിധാനം.
ഇലക്ട്രോണിക് സൈ്വപിങ് മെഷീന് ടിക്കറ്റ് എടുക്കുന്നതിനായി കെഎസ്ആര്‍ടിസി സ്ഥാപിക്കുന്നുണ്ട്. പേയ്മെന്റ് നടത്തുമ്പോള്‍ തന്നെ വിവരങ്ങള്‍ സര്‍ക്കാരിന് ശേഖരിക്കാന്‍ വേണ്ടിയാണിത്. 15,000 തീര്‍ത്ഥാടകരെയാണ് ബസ്മാര്‍ഗ്ഗം നാല് മണിക്കൂറില്‍ പമ്പയില്‍ എത്തിക്കാന്‍ സാധിക്കുക. ഇങ്ങനെ എത്തുന്നവരുടെ ടിക്കറ്റ് കാലാവധി 24 മണിക്കൂര്‍ നേരത്തേക്കാക്കി. ഇതോടെ സന്നിധാനത്ത് ആളുകള്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാന്‍ സാധിക്കുമെന്നും കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നു.
മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ വിവരങ്ങള്‍ക്ക് പുറമേ നിലയ്ക്കലെത്തി പമ്പയിലേക്ക് ടിക്കറ്റെടുക്കുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ച് പോലീസിന് കൈമാറും. ഇതോടെ കാനനപാതയിലൂടെ അല്ലാതെ ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന ഭൂരിഭാഗം പേരുടെയും വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്.