കൊച്ചി: പൊതു ഇടങ്ങളില്‍ അനധികൃത ഫ്ലക്സുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ തയാറാകണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ഗൗരവമായി എടുക്കണമെന്നും സ്വന്തം ചിത്രങ്ങള്‍ ഉള്ള ഫ്ലക്സുകള്‍ വഴിയരികില്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും വിധി പൂര്‍ണമായി നടപ്പാക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം. കോടതിവിധികള്‍ നടപ്പാക്കാന്‍ ആവേശം കാണിക്കുന്ന മുഖ്യമന്ത്രി സ്വന്തം മുഖമുളള ബോര്‍ഡുകള്‍ നീക്കാന്‍ അണികളോട് ആവശ്യപ്പെടണം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഫ്ലക്സുകള്‍ സ്ഥാപിക്കുന്നതിനാല്‍ കര്‍ശനമായി വിധി നടപ്പാക്കാന്‍ കഴിയുന്നില്ല. സ്വന്തം ചിത്രങ്ങള്‍ ഉള്ള ഫ്ലക്സുകള്‍ വഴിയരികില്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് നേതാക്കള്‍ ഉറപ്പാക്കണം.രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിയമലംഘനം വച്ചുപൊറുപ്പിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ചീഫ് സെക്രട്ടറിയേയും, ഡിജിപിയേയും, തെരഞ്ഞെടുപ്പു കമ്മിഷനേയും ഈ വിഷയത്തില്‍ കക്ഷിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇവര്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. ഹര്‍ജി 27 നു വീണ്ടും പരിഗണിക്കും.