തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചിത്രശലഭമാകാന്‍ ഒരുങ്ങി ബുദ്ധമയൂരി. നീല കലര്‍ന്ന പച്ചയും കടും പച്ചയും നിറമുള്ള ചിറകുകളുള്ള ബുദ്ധമയൂരിക്ക് സംസ്ഥാന ശലഭ പദവി നല്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരമാണ് ഇനി ലഭിക്കേണ്ടത്. വംശനാശ ഭീഷണി നേരിടുന്ന ശലഭ വിഭാഗമാണ് ബുദ്ധമയൂരി. സംസ്ഥാന പദവി ലഭിക്കുന്നതോടെ ഇവയുടെ സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ ലഭിക്കും. അലങ്കാരങ്ങള്‍ക്കും പേപ്പര്‍ വെയ്റ്റുകള്‍ക്ക് ഭംഗി പകരുന്നതിനും വേണ്ടി ഇവയെ ലക്ഷ്യം വെയ്ക്കുന്നത് ബുദ്ധമയൂരികള്‍ക്ക് ഭീഷണിയാവുന്നു.
ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള ബുദ്ധമയൂരിയുടെ ചിറകിന് 90 മുതല്‍ 100 മില്ലിമീറ്റര്‍ വരെ വീതിയുണ്ട്. മഹാരാഷ്ട്രയുടെ തെക്കുള്ള പശ്ചിമഘട്ടത്തിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.
മഹാരാഷ്ട്രയ്ക്ക് പുറമെ, കേരളം, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലും ഇവ കാണപ്പെടുന്നു. സംസ്ഥാനത്ത് മലബാര്‍ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായും കാണുന്നത്.