ന്യൂഡല്‍ഹി: സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശബരിമല വിധിയെ കുറിച്ചുള്ള കോടതിയലക്ഷ്യ ഹരജികള്‍ക്ക് അനുമതി നിഷേധിച്ചു. വിധി എതിര്‍ത്തവരുടേത് ക്രിയാത്മക വിമര്‍ശനമാണെന്നും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതിയലക്ഷ്യ ഹരജികള്‍ അനുവദിക്കാനാവില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്, നടന് കൊല്ലം തുളസി, ശബരിമല തന്ത്രി കണ്ഠര് രാജീവരര്, പി രാമവര്‍മ രാജ എന്നിവര്‍ക്കെതിരെയാണ് ഹരജികള്‍ സമര്‍പ്പിച്ചത്.
യുവതീ പ്രവേശന വിധി നടപ്പാക്കുന്നത് തടസപ്പെടുത്തിവര്ക്കെതിരെ കോടതിയലക്ഷ്യ ഹരജി നല്കാന് ഡോ. ടി ടീന കുമാരി, എവി വര്‍ഷ എന്നിവരാണ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനോട് അനുമതി തേടിയത്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെടുകയായിരുന്നു.
ചട്ടം അനുശാസിക്കുന്നത് സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറലിന്റെയോ സോളിസിറ്റര്‍ ജനറലിന്റെയോ അനുമതി വേണമെന്നാണ്. ഇരുവരും അനുമതി നിഷേധിച്ചാല്‍ പരാതിക്കാര്‍ക്ക് സുപ്രീംകോടതിയെ നേരിട്ട് സമീപിച്ച് ആവശ്യം ഉന്നയിക്കാനും സാധിക്കും.