തിരുവനന്തപുരം: റേഷന്‍ വസ്തുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് തടയാന്‍ ശക്തമായ നടപടിയുമായി ഭക്ഷ്യവകുപ്പ്. റേഷന്‍ കടകളില്‍ നിന്ന് കരിഞ്ചന്തയിലേക്ക് ധാന്യം ചോരുന്നതായി ആക്ഷേപം ഉയരന്നതിനെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി ഇ-പോസ് മെഷീനുകളെ ഇലക്ട്രോണിക് ത്രാസുമായി ബന്ധിപ്പിക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു.
ഈ ത്രാസുകള്‍ വാങ്ങാന്‍ 6.5 കോടി രൂപ വകയിരുത്തി. ആദ്യം തിരുവനന്തപുരത്തെ പത്ത് റേഷന്‍ കടകളില്‍ ഇത് നടപ്പാക്കും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കി രണ്ടു വര്‍ഷമായിട്ടും റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ കരിഞ്ചന്തയില്‍ എത്താന്‍ കാരണം ഇ-പോസ് മെഷീനുമായി ത്രാസുകളെ ബന്ധിപ്പിക്കാത്തതാണെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്നാണ് ഇ-പോസ് മെഷീന് ത്രാസുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഉടന്‍ നടപ്പാക്കാന്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന് നിര്‍ദേശിച്ചത്. നിലവില്‍ റേഷന്‍ കടകളില്‍ ഉപയോഗിക്കുന്ന ത്രാസുകള്‍ ഇ-പോസ് മെഷീനുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ ആധുനിക ഇലക്ടോണിക് ത്രാസുകള്‍ വാങ്ങി നല്‍കും. ഇതിനായി ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും.
ഇ-പോസ് മെഷീനെ ബ്ലൂടുത്ത് വഴി ബന്ധിപ്പിക്കുന്ന ത്രാസുകളാണ് വാങ്ങുക. കാര്‍ഡ് ഉടമയ്ക്ക് തന്നെ ധാന്യം കിട്ടുന്നുണ്ടോ എന്നത് ഉള്‍പ്പെടെ റേഷന്‍ വിതരണം മൊത്തം സുതാര്യമാക്കാനാണ് ഇ-പോസ് മെഷീനുകള്‍ സ്ഥാപിച്ചത്. ധാന്യങ്ങളുടെ അളവ് കൃത്യമാക്കാന്‍ ഇ പോസുമായി ബന്ധിപ്പിക്കുന്ന ത്രാസും സ്ഥാപിക്കണമായിരുന്നു. അതോടെ സാധനങ്ങളുടെ അളവ് ബില്ലില്‍ രേഖപ്പെടുത്തും. സിവില്‍ സപ്ളൈസ് വകുപ്പിന്റെ സെര്‍വറിലും അളവിന്റെ വിവരങ്ങള്‍ ലഭിക്കും.