കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെ ദേവസ്വം ബോര്‍ഡ് അനുകൂലിച്ചാല്‍ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടുന്നതിനെതിരേ കാന്പയ്ന് നടത്തുമെന്നു രാഹുല്‍ ഈശ്വര്‍. തീവ്ര നിലപാടുള്ള വ്യക്തികളാണു ശബരിമലയില്‍ ആക്രമണങ്ങള്‍ നടത്തിയതെന്നും ആര്‍എസ്എസ് ശബരിമല സമരത്തിന്റെ ഭാഗമല്ലെന്നും രാഹുല്‍ പറഞ്ഞു.
ശബരിമലയുടെ കാശെടുത്തു ശബരിമലയ്ക്ക് എതിരായി വാദിക്കുന്നതു മര്യാദ കേടാണ്. ദേവസ്വം ബോര്‍ഡ് ശബരിമലയുടെ കാശെടുത്തു വാദിക്കുകയാണെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ ഹുണ്ടികയില്‍ കാശിടരുത് എന്നു വിശ്വാസികളോടു പറയും. ഭക്തര്‍ ഹുണ്ടികയില്‍ കാശ് ഇട്ടില്ലെങ്കില്‍ ഈ ക്ഷേത്രങ്ങള്‍ നിലനില്‍ക്കില്ല.
കോടിക്കണക്കിനു ഭക്തര്‍ വരുന്നതു കൊണ്ടാണു കേരളത്തിലെ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത്. ദേവസ്വം ബോര്‍ഡ് ശബരിമലയിലെ കാശെടുത്ത് അയ്യപ്പനെതിരെ വാദിക്കുകയാണെങ്കില്‍ ഞാനടക്കമുള്ള ഭക്തര്‍ തീവ്ര പ്രതിഷേധത്തിലേയ്ക്കു പോകും. തിരിച്ചടികള്‍ ഉണ്ടാകും. ഒരു സംശയവും വേണ്ട- രാഹുല്‍ പറഞ്ഞു.
മുസ്ലിം വിരോധവും ക്രിസ്ത്യന്‍ വിരോധവുമുള്ള ആളുകളാണു ശബരിമലയ്ക്കെതിരെ പ്രചാരണം നടത്തുന്നതെന്നും ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ് ടി.ജി.മോഹന്‍ദാസ് നല്കിയ ഹര്‍ജിക്കെതിരെ കക്ഷി ചേരുമെന്നും രാഹുല്‍ പറഞ്ഞു.