തിരുവനന്തപുരം: പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുടെ മലയാളസംഗ്രഹവും വിശദാംശങ്ങളും പ്രസിദ്ധീകരിച്ചു. കോടതിവിധിയെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ മുതലെടുത്ത് ആശങ്കയും വിദ്വേശവും പടര്‍ത്താന്‍ ശ്രമിക്കുന്നതിനാലാണ് ലഘുപുസ്തക രൂപത്തില്‍ ഇത് പ്രസിദ്ധീകരിച്ചത്.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗമാണ് 56 പേജുള്ള പുസ്തകം പ്രസിദ്ധീകരിച്ചത്. എന്താണ് സുപ്രീംകോടതി വിധി, കേസിന്റെ പശ്ചാത്തലം, കേസിന്റെ നാള്‍വഴി, ഭരണഘടനാ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍, സ്ത്രീപ്രവേശനത്തിനെതിരെയുള്ള ഹര്‍ജികള്‍, വാദങ്ങള്‍, കേരള സര്‍ക്കാരിന്റെ നിലപാട്, സത്യവാങ്മൂലം തുടങ്ങിയവയെല്ലാം പുസ്തകത്തിലുണ്ട്.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് സമീപദിവസങ്ങളില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ വിധിയുടെ പ്രസക്തഭാഗങ്ങളുടെ സ്വതന്ത്ര പരിഭാഷ 27 പേജുകളിലായി പുസ്തകത്തിലുണ്ട്.