തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വെബ്പോര്‍ട്ടല്‍ പരിഷ്കരിക്കുന്നു. വെബ്പോര്‍ട്ടലിലെ ‘ഇ-സേവനങ്ങള്‍’ വഴി റെയില്‍വെ, കെഎസ്ആര്‍ടിസി, സിനിമാ ടിക്കറ്റ് റിസര്‍വേഷനും മുഴുവന്‍ സര്‍വകലാശാലകളുടെ ഫീസ് അടയ്ക്കാനുമുള്ള സംവിധാനം വരുന്നു. ബിഎസ്എന്‍എല്‍ ബില്ലുകളും വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ ബില്ലുകളും ഇനി ഇത് വഴി അടയ്ക്കാം.
കൂടാതെ പുതിയ 20 വകുപ്പുകളുടെ സേവനംകൂടി വെബ്പോര്‍ട്ടലിലെ ‘സ്റ്റേറ്റ് സര്‍വ്വീസ് ഡെലിവറി ഗേറ്റ് വേ’ വഴി ഉടന്‍ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട് അതത് വകുപ്പുകളുടെ നോഡല്‍ ഓഫീസര്‍മാരുമായി ഐടി മിഷന് അധികൃതര്‍ ചര്‍ച്ച നടത്തി. പുതിയ സേവനങ്ങള്‍ ‘എം കേരള’ ആപ് വഴി മൊബൈലിലും ലഭ്യമാകും. മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും ഒരു കുടക്കീഴില് കൊണ്ടുവരാനാണ് ‘ഇ-സേവനങ്ങള്‍’ ഓപ്ഷന്.
ബില്ലുകള്‍ അടയ്ക്കാനുള്ള പേമെന്റ് ഗേറ്റ് വേയായി ‘പേ ടിഎം’നെ താമസിയാതെ ഉള്‍പ്പെടുത്തും. നിലവില്‍ എസ്ബിഐയും ബില്‍ ഡസ്കുമാണുള്ളത്. ഐആര്‍സിടിസി വഴി ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷനും കെഎസ്ആര്‍ടിസി ഇ-ടിക്കറ്റിങ് വഴി ബസ് ടിക്കറ്റ് റിസര്‍വേഷനും ചെയ്യാം.
കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സേവനം നിലവില്‍ ലഭ്യമാണ്. കേരള, എംജി, കുസാറ്റ്, ആരോഗ്യ, വെറ്ററിനറി, ആരോഗ്യ, കാര്‍ഷിക, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് എന്നീ യൂണിവേഴ്സിറ്റികളെയും ഇ-സര്‍വീസസുമായി ബന്ധിപ്പിക്കും. ചില കമ്പനികളുടെ ഡിടിഎച്ച് റീചാര്‍ജ് സംവിധാനം ലഭ്യമാക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.
എല്‍പിജി ബുക്കിങിന് പാചകവാതക കമ്പനികളുമായും ഐടി മിഷന് ചര്‍ച്ച നടത്തും. www.kerala.gov.in എന്ന വെബ്പോര്‍ട്ടലില്‍ സേവനങ്ങള്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ ‘ഇ-സേവനങ്ങള്‍’ ഓപ്ഷന് കാണാം.