തിരുവനന്തപുരം: മകളുടെ ഫീസടയ്ക്കാന്‍ ഇറങ്ങിയ വീട്ടമ്മയെ കാണാതായിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ കേസില്‍ പുരോഗമനം ഇല്ലാത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ രംഗത്ത്. പുനലൂര്‍ സ്വദേശി ബീനയെയാണ് നവംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും ബിനയെ കണ്ടെത്താനായിട്ടില്ല.
വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ബീന വീട്ടില്‍നിന്ന് സ്വന്തം സ്ഥാപനത്തിലേക്ക് പോയത്. ശേഷം ഉച്ചയ്ക്ക് രണ്ടരമണിയോടെ ഇവിടെനിന്ന് മകളുടെ കോളേജിലേക്കെന്ന് പറഞ്ഞ് പോയി. മകളുടെ ഫീസടക്കാനുണ്ടെന്ന് പറഞ്ഞാണ് വട്ടപ്പാറയിലെ കോളേജിലേക്ക് യാത്രതിരിച്ചത്. എന്നാല്‍ ഇതിനുശേഷം ബീനയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പണമെടുക്കാന്‍ ബാങ്കിലേക്ക് പോകുമെന്ന് പറഞ്ഞെങ്കിലും വീട്ടമ്മ ബാങ്കിലും എത്തിയിരുന്നില്ല. ബീനയെക്കുറിച്ച് കോളേജില്‍ അന്വേഷണം നടത്തിയെങ്കിലും ഇവിടെയും വന്നിരുന്നില്ലെന്നാണ് കണ്ടെത്തിയത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് വീട്ടുക്കാരുടെ പക്ഷം. സമീപപ്രദേശങ്ങളിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഇതിനിടെ കൊട്ടാരക്കരയിലെ സിസിടിവിയില്‍നിന്ന് വീട്ടമ്മ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. കൊട്ടാരക്കരയില്‍വച്ച് ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും പോലീസ് കണ്ടെത്തി. എന്നാല്‍ ഇതിനുശേഷം എന്തു സംഭവിച്ചു എന്നതില്‍ വ്യക്തതയില്ല. ബീനയ്ക്ക് കുടുംബപ്രശ്നങ്ങളോ ശത്രുക്കളോ ഇല്ലെന്ന് ബന്ധുക്കള്‍ മൊഴിനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.