തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചുതള്ളി വാഹനമിടിച്ചു കൊല്ലപ്പെട്ട സനലിനെ ആശുപത്രിയിലെത്തിക്കാതെ ആംബുലന്‍സ് വഴിതിരിച്ചു വിട്ട സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്കു സസ്പെന്ഷന്. സിപിഒമാരായ സജീഷ് കുമാര്‍, ഷിബു എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്.
അതേസമയം, ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കമെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു. സംഭവം അന്വേഷിച്ച് ഇന്നുതന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നു സ്പെഷല്‍ ബ്രാഞ്ചിന് ഐജി നിര്‍ദേശം നല്‍കിയിരുന്നു. അപകടത്തില്‍പ്പെട്ട സനലിനെ രക്ഷിക്കാനുള്ള അവസാന ശ്രമവും നഷ്ടപ്പെടുത്തിയത് പോലീസ് ആണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നിരുന്നു.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്കായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ആംബുലന്‍സിലുണ്ടായിരുന്ന പോലീസുകാരന് ഡ്യൂട്ടി മാറാനാണ് സനലിനെ രക്ഷിക്കാമായിരുന്ന വിലപ്പെട്ട നിമിഷങ്ങള്‍ പാഴാക്കിയത്. മരണത്തോട് മല്ലടിച്ച സനലിനോട് ഒരു ദയയും പോലീസ് കാട്ടിയില്ലെന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങള്‍. അതീവഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് സനലിനെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നത് രാത്രി 10.23നാണ്.
ആന്തരികരക്തസ്രാവം മനസിലാക്കിയ ഡോക്ടര്‍ സനലിനെ വേഗം മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ പോലീസിനോടും കൂടെയുള്ള സുഹൃത്തിനോടും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സുഹൃത്തിനെ ഒഴിവാക്കി പോലീസ് ആംബുലന്‍സിലുള്ള സനലുമായി നേരേ പോയത് ആശുപത്രിയിലേക്കായിരുന്നില്ല. മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ ടിബി ജംഗ്ഷന് വഴി പേകേണ്ടതിന് പകരം ആംബുലന്‍സ് പോയത് പോലീസ് സ്റ്റേഷനിലേക്കുള്ള ആലുംമൂട് റോഡിലേക്കാണ്.
നെയ്യാറ്റിന്‍കര ഗേള്‍സ് ഹൈസ് സ്കൂളിന്റെയും എസ്ഐ ബ്രാഞ്ചിന്റെയും ഇടയിലൂടെയുള്ള പോലീസ് സ്റ്റേഷന് റോഡിലേക്ക് 10.25ന് ആംബുലന്‍സ് തിരിയുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്.
10.27 കഴിഞ്ഞാണ് ആംബുലന്‍സ് പോലീസ് സ്റ്റേഷന് റോഡില്‍ നിന്ന് പുറത്തേക്ക് വരുന്നത്. ജനറല്‍ ആശുപത്രിയില്‍ നിന്ന് നിമിഷം നേരം കൊണ്ട് ദേശീയപാതയിലൂടെ മെഡിക്കല്‍ കോളേജിലേക്ക് പോകാമെന്നിരിക്കെ ആംബുലന്‍സ് പോലീസ് സ്റ്റേഷനിലേക്ക് പോയതോടെ നിര്‍ണായകമായ സമയമാണ് നഷ്ടമായത്.
മെഡിക്കല്‍ കോളജിലേക്ക് പോകാതെ സനലിന്റെ ജീവനുമായി അരകിലോ മീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷന് റോഡിലേക്ക് ആംബുലന്‍സ് പോയത് പോലീസുകാരന്റെ ഡ്യൂട്ടി മാറി പുതിയ ആളെ ചുമതലയേല്‍പ്പിക്കാനായിരുന്നു.
വാഹനമിടിച്ച് അരമണിക്കൂര്‍ നേരമാണ് സനല്‍ റോഡില്‍ കിടന്നത്. ഇക്കാര്യം സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എസ്ഐക്കൊപ്പം സംഭവസ്ഥലത്ത് എത്തിയത് ഒരു പാറാവുകാരന് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ഐജി മനോജ് എബ്രഹാം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണചുമതല.