അരൂര്‍: കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് എഴുപുന്നയില്‍ നാട്ടുകാര്‍ പാളവണ്ടി സമരം. എറണാകുളം, ചേര്‍ത്തല ബോര്‍ഡുകള്‍ വെച്ച് കവുങ്ങിന് പാളകളില്‍ ആളുകളെ കയറ്റി പാലത്തിലൂടെ വലിച്ച് പ്രതീകാത്മക സര്‍വ്വീസ് നടത്തിയാണ് ബസ് പാസഞ്ചേഴ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
എറണാകുളം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് എഴുപുന്ന-കുമ്പളങ്ങിപ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തയുടനെ എറണാകുളത്തേക്കും ചേര്‍ത്തലയിലേക്കും പുതിയ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ തുടങ്ങിയിരുന്നു.
പശ്ചിമകൊച്ചിയില്നിന്നുള്ള യാത്രക്കാര്‍ക്കും എഴുപുന്ന, കുമ്പളങ്ങി നിവാസികള്‍ക്കും ഇത് വളരെയേറെ പ്രയോജനപ്പെട്ടിരുന്നു. എന്നാല്‍ ഡീസല്‍ വിലവര്‍ധനവും ബസ് റൂട്ടിന്റെ നഷ്ടവും പറഞ്ഞ് കെഎസ്ആര്‍ടിസി അധികൃതര്‍ സര്‍വ്വീസുകള്‍ ഓരോന്നായി നിര്‍ത്തലാക്കിയെന്നാണ് നാട്ടുകാരുടെ പരാതി.
കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചില്ലെങ്കില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ അവലംബിക്കുമെന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കുന്നു.
കെഎസ്ആര്‍ടിസി ചേര്‍ത്തല, ആലപ്പുഴ, എറണാകുളം ഡിപ്പോകളിലേക്കും ഗതാഗതമന്ത്രിയുടെ ഓഫീസിലേക്കും എഴുപുന്ന-കുമ്പളങ്ങി നിവാസികള്‍ ഇതിനകം ധാരാളം പരാതികള്‍ അയച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടായില്ല.