തൃശ്ശൂര്‍: ജാതി സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ക്ഷേത്രത്തിലെ പൂജകൊട്ട് തടഞ്ഞു. കൊച്ചിന്‍ദേവസ്വം ബോര്‍ഡ് ക്ഷേത്രമായ വല്ലച്ചിറ ഭഗവാന് ഭഗവതി ക്ഷേത്രത്തില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ബിജെപി നേതാവും ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറിയുമായ സുധീഷ് ( കണ്ണന് ) ആണ് തടഞ്ഞത്.
പൂജകൊട്ട് നടത്തുന്ന ശ്രീജിത്ത് ലീവിന് വീട്ടില്‍ പോയതിനാല്‍ പകരം വന്ന ആലപ്പുഴ സ്വദേശി അക്ഷയിനെയാണ് ജോലി ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ് പറഞ്ഞുവിട്ടത്. ഇതുമൂലം ഞായറാഴ്ച രണ്ടുനേരവും ക്ഷേത്രത്തില്‍ പൂജകൊട്ട് മുടങ്ങി. പൂജാസമയത്ത് ശ്രീകോവിലിനു മുന്നില്‍ നടത്തുന്ന പ്രധാന ചടങ്ങാണ് പൂജകൊട്ട്.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഈ അടിയന്തിരം നടത്തുന്നതിന് സംബന്ധി മാരാര്‍ എന്ന പേരില്‍ പോസ്റ്റുമുണ്ട്. വല്ലച്ചിറക്ഷേത്രത്തില് ഈ പോസ്റ്റിലുള്ളത് പട്ടികജാതി വിഭാഗത്തിലുള്ള ശ്രീജിത്താണ്. അടുത്തിടെയാണ് പത്തനംതിട്ട സ്വദേശിയായ ശ്രീജിത്ത് നിയമിതനായത്.
ശ്രീജിത്തിനെ തടയാന്‍ ബിജെപി നേതാവ് ശ്രമിച്ചിരുന്നു. എന്നാല്‍, അതിനു വഴങ്ങാതെ ജോലി ചെയ്യുകയായിരുന്നു. വീട്ടില്‍ പോയസമയത്ത് പകരക്കാരനായി കൊട്ടാന്‍ ശ്രീജിത്ത് തന്നെയാണ് അക്ഷയിനെ ചുമതലപ്പെടുത്തിയത്. അക്ഷയ് കൊട്ടാന്‍ വന്നപ്പോള്‍ ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ബിജെപി നേതാവ് ആവശ്യപ്പെടുകയായിരുന്നു.
പൂജകൊട്ട് തടഞ്ഞത് സംബന്ധിച്ച് 84 ഭക്തര്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് പരാതി നല്കി. പൂജകൊട്ട് തടഞ്ഞതില്‍ വിശ്വാസികള്‍ അമര്‍ഷത്തിലാണ്. ഇതുസംബന്ധിച്ച് വല്ലച്ചിറ ഭഗവാന് ഭഗവതി ക്ഷേത്ര ഉപദേശക സമിതി മുന്‍ പ്രസിഡന്റ് രാജേഷ് വല്ലച്ചിറയുടെ നേതൃത്വത്തില്‍ ഭക്തര്‍ ഒപ്പിട്ട പരാതിയുടെ കോപ്പി ദേവസ്വം ഓഫീസര്‍ക്കും കൊച്ചിന് ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്കും നല്കി.