കടുത്തുരുത്തി: എഞ്ചിനിലേയ്ക്ക് വൈദ്യുതി എത്തിക്കുന്ന പാന്റ്റോഗ്രാഫില് മൂര്‍ഖന്‍പാമ്പ് കുടുങ്ങിയതിനെ തുടര്‍ന്ന് ട്രെയിന്‍ വൈകിയത് മണിക്കൂറുകളോളം. ദിബ്രുഗഡില്‍നിന്ന് കന്യാകുമാരിയിലേക്കുള്ള വിവേക് എക്സ്പ്രസിലാണ് പാമ്പിനെ കണ്ടത്.
വൈക്കം റോഡ് റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് ലോക്കോ പൈലറ്റ് പത്തിവിടര്‍ത്തി ചീറ്റുന്ന പാമ്പിനെ കണ്ടത്. അപ്പോള്‍ത്തന്നെ തീവണ്ടി നിര്‍ത്തിയിടുകയായിരുന്നു. പരിശോധനയില്‍, പാന്റ്റോഗ്രാഫിന് ഷോര്‍ട്ടിങ് ഉണ്ടായെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരെത്തി തകരാറുകള്‍ പരിഹരിച്ചു. പാമ്പ് ഷോക്കടിച്ച് ചത്തെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒന്നരമണിക്കൂറോളം വൈകി ഒന്‍പതു മണിയോടെയാണ് യാത്ര തുടര്‍ന്നതെങ്കിലും കോട്ടയം-എറണാകുളം പാതയില്‍ തീവണ്ടി ഗതാഗതം പൂര്‍ണ്ണമായും താളംതെറ്റി. തീവണ്ടികള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ്, കൊല്ലം-എറണാകുളം മെമു, എറണാകുളം-കായംകുളം പാസഞ്ചര്‍, പരശുറാം, ശബരി എക്സ്പ്രസുകള്‍ മണിക്കൂറുകളോളം വൈകി.