ആലപ്പുഴ: കൊല്ലത്തും പരവൂരും ആലപ്പുഴയില്‍ ചാരുംമൂട് എന്‍എസ്എസ് കരയോഗങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം. പരവൂര്‍ ഇടവട്ടം 3638-ാം നമ്പര്‍ കരയോഗമന്ദിരത്തിന്റെ ഓഫീസിലെ ജനാലച്ചില്ലുകള്‍ തകര്‍ത്തു. കുടശ്ശനാട് 1473-ാം നമ്പര്‍ കരയോഗമന്ദിരത്തിലെയും കുടശ്ശനാട് എന്‍എസ്എസ് ഹൈസ്കൂളിലെയും കൊടിമരങ്ങളില്‍ കരിങ്കൊടി കെട്ടി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലിയെന്നെഴുതിയ റീത്തും വെച്ചു.
ഇടവട്ടം പൂതക്കുളത്തെ കരയോഗമന്ദിര ഓഫീസിനു നേര്‍ക്ക് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ശബ്ദം കേട്ട് ലൈറ്റിട്ടതോടെ ആരോ ഓടി വാഹനത്തില്‍ കയറിപ്പോകുന്നത് കണ്ടുവെന്ന് പരിസരവാസികള്‍ പറഞ്ഞു. വിവരമറിഞ്ഞ് കരയോഗ ഭാരവാഹികള്‍ എത്തിയപ്പോഴാണ് ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. കൊടിമരവും തകര്‍ത്തിരുന്നു. സമീപത്തുള്ള ക്ഷേത്രത്തിലെ ജീവനക്കാരനാണ് കുടശ്ശനാട് കരയോഗമന്ദിരത്തിലെ കൊടിമരത്തില്‍ കരിങ്കൊടി കെട്ടിയത് കണ്ടത്. വിവരമറിഞ്ഞ് ഭാരവാഹികള്‍ വന്നുനോക്കിയപ്പോള്‍ റീത്തും കണ്ടു. പിന്നീട് സ്കൂളിലും ഇതാവര്‍ത്തിച്ചതായി കണ്ടു.
എന്‍എസ്എസ് ഹൈസ്കൂളിന്റെ പൂട്ടിയിട്ടിരുന്ന ഗേറ്റിനുമുകളില്ക്കൂടി ഗ്രൗണ്ടില്‍ കടന്നാണ് കൊടിമരത്തില്‍ കരിങ്കൊടികെട്ടി റീത്ത് വെച്ചതെന്ന് കരുതുന്നു. കൊടിമരത്തിന് ചുറ്റിലും ഗേറ്റിലും മുളകുപൊടി വിതറിയിട്ടുണ്ട്. പോലീസിലെ പ്രത്യേക സ്ക്വാഡും വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിനുപിന്നില്‍ സമൂഹവിരുദ്ധരാണെന്നും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.