പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ അമ്പത്തിരണ്ടുകാരിയെ സന്നിധാനത്ത് ആക്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ വീട്ടില്‍നിന്നാണു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പേരക്കുട്ടിയുടെ ചോറൂണിനു ശബരിമലയിലേക്കു വന്ന തൃശൂര്‍ സ്വദേശി ലളിത രവിയെയാണ് ചൊവ്വാഴ്ച രാവിലെ പ്രതിഷേധക്കാര്‍ ആക്രമിച്ചത്. സന്നിധാനം നടപ്പന്തലിലെത്തിയപ്പോഴാണ് ഇവര്‍ക്കുനേരെ ആദ്യം പ്രതിഷേധമുണ്ടായത്. നാമജപവുമായി പ്രതിഷേധക്കാര്‍ ഒത്തുകൂടി. ഇവര്‍ ആക്രമണകാരികളായി മാറുന്നെന്നു കണ്ടപ്പോള്‍ പോലീസ് ഇടപെട്ടു. പോലീസ് വലയം തീര്‍ത്തു ലളിതയെ കുറെദൂരം മുന്നോട്ടുകൊണ്ടു വന്നെങ്കിലും ഉന്തും തള്ളും ശക്തമായി.
ഇതിനിടെ, പ്രതിഷേധക്കാരില്‍ ചിലര്‍ ഇവരുടെ രേഖകള്‍ പരിശോധിച്ചു. ആദ്യം എടുത്തു നല്കിയ രേഖ മാറിപ്പോയതോടെ ശരണം വിളികള്‍ ഉച്ചത്തിലാകുകയും ചിലര്‍ ആക്രോശങ്ങള്‍ മുഴക്കുകയും ചെയ്തു. ‘അടിച്ചുകൊല്ലെടാ അവളെ’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമി സംഘം ഇവര്‍ക്കു നേരെ പാഞ്ഞടുത്തത്.
ഭര്‍ത്താവ് രവി, ബന്ധുക്കള്‍ ഉള്‍പ്പെടെ 19 അംഗ സംഘമാണ് ലളിതയ്ക്കൊപ്പമെത്തിയിരുന്നത്. ഇവര്‍ക്കു നേരെ തലേന്നു പന്പയില് പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ അമ്മ ഉള്‍പ്പെടെ 50 വയസില്‍ താഴെയുള്ളവര്‍ പമ്പയില്‍ തങ്ങുകയും മറ്റുള്ളവര്‍ മലകയറുകയുമായിരുന്നു. ഇതിനിടെ, ലളിതയ്ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ആശുപത്രിയിലാക്കിയ ലളിതയുടെ പ്രായത്തെ സംബന്ധിച്ച രേഖകള്‍ പോലീസ് പരിശോധിച്ച് 52 വയസുണ്ടെന്നു പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തി. ദര്‍ശനത്തിനു ശേഷം ലളിതയുടെ ഭര്‍ത്താവ് രവിയും സഹോദരിപുത്രന് മൃദുല്‍കുമാറും ചേര്‍ന്നു സന്നിധാനം പോലീസില്‍ പരാതി നല്കി. നിരോധനാജ്ഞ ലംഘിച്ചു സംഘം ചേര്‍ന്നു, സ്ത്രീയെ ആക്രമിച്ചു, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.