തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് കമ്പനികള്‍ ഈടാക്കുന്നത് അമിത തുകയെന്ന് വ്യാപക ആക്ഷേപം. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് കമ്പനികളുടെ അമിത തുക ഈടാക്കലിനെതിരെ സര്‍ക്കാരും ശബ്ദിക്കുന്നില്ലെന്ന് സിനിമ ആസ്വാദകര്‍ക്ക് ഇടയില്‍ വ്യാപക അമര്‍ഷമുണ്ട്.
തമ്പാനൂരിലെ ഒരു തിയേറ്ററില്‍ ബാല്‍ക്കണിക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റിസര്‍വ്വ് ചെയ്താല്‍ 135.40 രൂപയാണ് ഈടാക്കുന്നത്. കൂടാതെ, കമ്പനി നടത്തുന്ന സാമൂഹികസേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപ കൂടി കൊടുക്കണം. ഇന്റര്‍നെറ്റ് കൈകാര്യച്ചെലവ് ഇനത്തിലാണ് 34.40 രൂപ ഈടാക്കുന്നത്.
സാമൂഹികസേവനം നിറവേറ്റാന്‍ 4 രൂപ വേറെയും. കിഴക്കേക്കോട്ടയിലെ ഒരു തിയറ്ററില്‍ ഒരു ടിക്കറ്റിന് 118 രൂപ നല്‍കണം. ഓണ്‍ലൈന്‍ വഴിയാണെങ്കില്‍ 24 രൂപയാണ് അധികമായി ഈടാക്കുന്നത്. തമ്പാനൂരിലെ മറ്റൊരു തിയറ്ററില്‍ 190 രൂപ ടിക്കറ്റ് നിരക്കെങ്കില്‍, ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ 23 രൂപ കൂടുതല്‍ നല്‍കണം.
മാളുകളിലെ തിയറ്ററുകളിലും ഓണ്‍ലൈന്‍ബുക്കിങ്ങിന് തോന്നിയതുപോലെ കൈകാര്യച്ചെലവ് ഈടാക്കുന്നുണ്ട്. 22 രൂപ മുതല്‍ 45 രൂപ വരെയാണു പ്രേക്ഷകരില്‍നിന്ന് എടുക്കുന്നത്. ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം വഴി പണം കൈമാറുന്നതിനാല്‍ കമ്പനികള്‍ കൊയ്യുന്നതിന്റെ കണക്കെടുക്കാനുമാകുന്നില്ല.
ടിക്കറ്റ് എടുക്കാനുള്ള ആള്‍ക്കാരുടെ തിരക്ക് ഒഴിവാക്കാനും സീറ്റുകള്‍ ഉറപ്പാക്കാനുമാണു കമ്പനികളുടെ കൊള്ളയ്ക്ക് തിയറ്റര്‍ ഉടമകള്‍ കൂട്ടുനില്‍ക്കുന്നത്. ഉത്തരേന്ത്യയിലെ ഒരു വന്‍കിട കമ്പനിയാണ് 95% തിയറ്ററുകളുടെയും ഓണ്‍ലൈന്‍ ബുക്കിങ് നടത്തുന്നത്.