കോട്ടയം: മണിമലയാറ്റില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം പത്ത് ദിവസത്തിന് ശേഷം കണ്ടെത്തി. മണിമലയാറ്റില്‍ ചൂണ്ടയിടുന്നതിനിടെ ഒഴുക്കില്‍പ്പെട്ട അടൂര്‍ മണക്കാല വട്ടമല തെക്കേതില്‍ രാജന് ദേവകി ദമ്പതികളുടെ മകന് ഷാഹുലിന്റെ (21) മൃതദേഹം 10 ദിവസത്തിനുശേഷം 30 കിലോമീറ്റര്‍ മാറി പെരുമ്പട്ടി ഭാഗത്തു കണ്ടെത്തിയത്. രാവിലെ ആറു മണിയോടെ എരുമേലി ഓരുങ്കല്‍ കടവ് ഭാഗത്തു ഒഴുകിനടന്ന മൃതദേഹം നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഫയര്ഫോഴ്സെത്തിയാണു കരയ്ക്കെടുത്തത്. വെള്ളത്തില്‍ക്കിടന്നു ചീര്ത്തനിലയിലാണു മൃതദേഹം.
കല്ലേപാലത്തിനു സമീപം പൂവഞ്ചിയില്‍ കഴിഞ്ഞ 16നു വൈകിട്ട് അഞ്ച് മണിയോടെയാണു ഷാഹുലും സുഹൃത്തായ പ്രവീണും ഒഴുക്കില്‍പ്പെട്ടത്. പൂവഞ്ചിയിലെ ക്രഷറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ഇവര്‍ ചൂണ്ടയിടാനിറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. ഇളംകാട് മേഖലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നു മണിമലയാര്‍ കരകവിഞ്ഞ് ഒഴുകിയ സമയത്തായിരുന്നു അപകടം.
മൂന്നു ദിവസത്തിനു ശേഷം വെള്ളനാടി മൂരിക്കയം ഭാഗത്ത് ആറിന്റെ അരികില്‍ മുള്‍പടര്‍പ്പില്‍ തങ്ങിയ നിലയില്‍ പ്രവീണിന്റെ (24) മൃതദേഹം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നു ഷാഹുലിനെ കണ്ടെത്താന്‍ ഫയര്‍ഫോഴ്സിന്റെ സ്കൂബ സംഘങ്ങള്‍ അടക്കമുള്ളവര്‍ മണിമലയാറിന്റെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. വലിയ കയങ്ങളില്‍ തിരച്ചില്‍ നടത്തുവാന്‍ നാവികസേനയുടെ സഹായവും തേടിയിരുന്നു. ഷാഹുലിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.