തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. വരുന്ന മൂന്നു ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം പടിഞ്ഞാറ്, വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയേക്കുമെന്ന് കാലവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
കന്യാകുമാരി മേഖലയിലേക്കാണ് ന്യൂനമര്‍ദ്ദത്തിന്റെ നീക്കം. ഇതിന്റെ ഫലമായി രൂപപ്പെട്ട ചുഴലി കടല്‍നിരപ്പില്‍നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍വരെ വ്യാപിച്ചുകിടക്കുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കന്യാകുമാരിഭാഗത്തെ കടലിലും മാന്നാര്‍ കടലിടുക്കിലും ഇന്ത്യന്‍ മഹാസുമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്തും കാറ്റ് ശക്തമായിരിക്കും.
കാറ്റിന്റെ വേഗം മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയും ആകും. കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഈ മേഖലയില്‍ കടലില്‍ പോയവര്‍ എത്രയും വേഗം തിരിച്ചെത്തണമെന്നും അറിയിച്ചു.