തിരുവനന്തപുരം: ആര്‍എസ്എസും ബിജെപിയും ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന അജണ്ടയനുസരിച്ചാണ് അക്രമിസംഘം ശബരിമലയില്‍ പ്രവര്‍ത്തിച്ചതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുമ്പ് 50 കഴിഞ്ഞ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാന്‍ കഴിയുമായിരുന്നെങ്കില്‍ ഇപ്പോള്‍ സ്ത്രീകളാരും ശബരിമലയില്‍ വരേണ്ടെന്ന നിലപാടാണ് പ്രതിഷേധക്കാര്‍ സ്വീകരിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു.
ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസുകഴിഞ്ഞ സ്ത്രീകളെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സന്നിധാനത്തുവച്ച് തടയുകയും മര്‍ദിക്കുകയും ചെയ്ത സംഭവം ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ച് നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സുപ്രീംകോടതി വിധി വരുന്നതിന് മുമ്പു വരെ 50 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് യഥേഷ്ടം ശബരിമലയില്‍ പോകാന്‍ കഴിയുമായിരുന്നു.
എന്നാലിപ്പോള്‍ സ്ത്രീകളാരും ശബരിമലയില്‍ വരേണ്ടെന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ ഏത് സ്ത്രീകളേയും തടയുവാനും കടന്നുപിടിച്ചാക്രമിക്കാനും തയ്യാറാകുന്ന നിലയിലേക്കാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. ഇത് ശരിയാണോയെന്ന് സ്ത്രീ സമൂഹവും, വിശ്വാസ സമൂഹവും, ജനാധിപത്യ വിശ്വാസികളും ചിന്തിക്കണം- കോടിയേരി പറഞ്ഞു.
വിശ്വാസികളുടെ പേരില്‍ ശബരിമല സന്നിധാനത്തെ കലാപ ഭൂമിയാക്കി രാഷ്ട്രീയ മുതലെടുപ്പു നടത്താനാണ് ബിജെപി ലക്ഷ്യംവയ്ക്കുന്നതെന്ന യാഥാര്‍ഥ്യം ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായതാണ്. ഇത് അക്ഷരംപ്രതി ശരിവെയ്ക്കുന്നതാണ് ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍.
ആര്‍എസ്എസും ബിജെപിയും ആസൂത്രണം ചെയ്ത അജണ്ടയനുസരിച്ചാണ് അക്രമിസംഘം ശബരിമലയില്‍ പ്രവര്‍ത്തിച്ചത്- കോടിയേരി കുറ്റപ്പെടുത്തി. പ്രകോപനം സൃഷ്ടിച്ച് കലാപം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് ആത്മസംയമനത്തോടെ നേരിടാന്‍ പോലീസിനും സര്‍ക്കാരിനും കഴിഞ്ഞുവെന്നും കോടിയേരി അവകാശപ്പെട്ടു.